കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും വിധിയെഴുതി ജനങ്ങൾ. വോട്ടെടുപ്പ് പൂർത്തിയാകേണ്ടത് 6 മണിക്കാണെങ്കിലും ടോക്കണ്‍ വാങ്ങി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് രാത്രി വൈകിവരെയും തുടര്‍ന്നു.
വടകര കുറ്റ്യാടി മണ്ഡലത്തിൽ മുടപ്പിലാവില്‍ എല്‍ പി സ്‌കൂളിലെ 141-ാം ബൂത്തിലാണ് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ വോട്ടർ
സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
70.35 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം -66.43, ആറ്റിങ്ങല്‍- 69.40, കൊല്ലം- 67.92, പത്തനംതിട്ട- 63.35, മാവേലിക്കര- 65.88, ആലപ്പുഴ- 74.37, കോട്ടയം- 65.59, ഇടുക്കി- 66.39, എറണാകുളം- 68.10, ചാലക്കുടി- 71.68, തൃശൂര്‍- 72.11, പാലക്കാട്- 72.68, ആലത്തൂര്‍- 72.66, പൊന്നാനി- 67.93, മലപ്പുറം- 71.68, കോഴിക്കോട്- 73.34, വയനാട്- 72.85, വടകര- 73.36, കണ്ണൂര്‍- 75.74, കാസര്‍ഗോഡ്- 74.28 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
നിർണ്ണായകമായ വിധിയെഴുത്തിന് ശേഷവും ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. പൊതുവിൽ റെക്കോർഡ് പോളിങ്ങാണ് പ്രതീക്ഷിച്ചത്. എന്തായാലും പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം.
എന്തായാലും പോളിംഗ് ശതമാനത്തിലെ കുറവിൽ നേരിയൊരു ആശങ്ക ഉള്ളിൽ യുഡിഎഫിനുണ്ടെന്ന് സമ്മതിക്കാതെ വയ്യ.
ഭരണവിരുദ്ധവികാരം ഇത്തവണ പ്രതിഫലിച്ചെന്ന് പ്രതിപക്ഷം പറയുന്നു. ഒപ്പം ന്യൂനപക്ഷവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്നും പ്രതീക്ഷയുണ്ട്. ഭരണവിരുദ്ധവികാരം ഇല്ലാത്തതിൻ്റെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെല്ലാം എല്ലായിടത്തും കൃത്യമായി പോൾ ചെയ്തു. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിന് എന്നാണ് വിലയിരുത്തൽ. പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എൽഡിഎഫ് പറയുന്നു. തിരുവനന്തപുരത്തും തൃശൂരിലും ജയസാധ്യതയുണ്ടെന്നു ബിജെപി പ്രതീക്ഷിക്കുന്നു.
പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. കേരളത്തിൽ ആകെ. 2.77 കോടി വോട്ടർമാരാണുള്ളത്.
കാസർകോട് മണ്ഡലത്തിൽ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. കഴിഞ്ഞ തവണ 80.57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ ഔദ്യോഗിക കണക്കനുസരിച്ച് 74.28 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ബൂതുകളിൽ ഏഴ് മണി കഴിഞ്ഞും വോട്ടർമാരുടെ ക്യൂ ഉണ്ടായിരുന്നു.
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് സിപിഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂർ, കല്യാശേരി നിയമസഭ മണ്ഡലങ്ങളിലാണ്.
കുറവ് കാസർകോട്ടും മഞ്ചേശ്വരത്തുമാണ്. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാടും ഉദുമയിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.