ഒന്നില്‍ നിന്നും ഓടി രക്ഷപ്പെടുന്നതല്ല ആത്മീയത, അത് ആത്മനിയന്ത്രണമാണ്
വെളിച്ചം
ആ രാജ്യത്തെ രാജാവിന് 3 പുത്രന്മാരാണ് ഉള്ളത്. അവരില്‍ ആരെ അടുത്ത രാജാവാക്കണം എന്ന ചോദ്യത്തിന് രാജഗുരു ഒരു ഉപായം രാജാവിന് പറഞ്ഞുകൊടുത്തു.
മക്കളെ വിളിച്ച് രാജാവ് പറഞ്ഞു:
“രാജ്യത്തെ ഏറ്റവും മികച്ച ആത്മീയ മനുഷ്യനെ കണ്ടെത്തുക.”
ഒന്നാമന്‍ ഒരു മതപണ്ഡിതനെ കൊണ്ടു വന്നു. മതഗ്രന്ഥങ്ങളെല്ലാം അദ്ദേഹത്തിന് മനഃപാഠമാണ്. രാജാവ് അദ്ദേഹത്തെ സ്വാഗതം ചെയ്തു.
രണ്ടാമന്‍ ഒരു താപസനെ കൊണ്ടുവന്നു. എന്നും ധ്യാനവും പ്രാര്‍ത്ഥനയുമായി കഴിയുന്ന ആളാണ് താപസന്‍. രാജാവ് അദ്ദേഹത്തെയും സ്വീകരിച്ചു.
മൂന്നാമന്‍ ദരിദ്രനായ ഒരു വഴിപോക്കനെയാണ് കൊണ്ടുവന്നത്.
രാജാവ് അയാളോട് ചോദിച്ചു:
“എന്ത് ആത്മീയ കാര്യമാണ് താങ്കള്‍ ചെയ്യുന്നത്?”
അയാള്‍ പറഞ്ഞു:
“എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. പ്രാര്‍ത്ഥനകളും അറിയില്ല. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. ആരെങ്കിലും വഴിയില്‍ വീണുകിടന്നാല്‍ അയാളെ വൈദ്യരുടെ അടുത്തെത്തിക്കും. എന്നെക്കൊണ്ടു കഴിയുന്നതു പോലെ വയ്യാത്തവരെ ശുശ്രൂഷിക്കും…”
മികച്ച ആത്മീയ വ്യക്തിക്കുളള സമ്മാനം രാജാവ് അദ്ദേഹത്തിന് നല്‍കി. മാത്രമല്ല, മൂന്നാമത്തെ മകന് രാജ്യാവകാശവും നൽകി.
ആത്മീയ വഴി എന്നൊരു പ്രത്യേകതരം വഴിയൊന്നുമില്ല. കടന്നുപോകുന്ന ദിനങ്ങളിലെല്ലാം ആത്മീയതയെ രൂപപ്പെടുത്താം. ഒന്നില്‍ നിന്നും ഓടി രക്ഷപ്പെട്ടിട്ടല്ല ആത്മീയത കൈവരിക്കേണ്ടത്. എന്തിലാണോ വശീകരിക്കപ്പെടാന്‍ സാധ്യതയുള്ളത്. അവിടെ നിലനിന്നുകൊണ്ടുതന്നെ അതിനെ അതിജീവിക്കണം. ആത്മീയത ആത്മനിയന്ത്രണമാണ്. ഒളിച്ചോട്ടമല്ല.
ദൈവത്തെ കണ്ടെത്തലാണ് ലക്ഷ്യമെങ്കില്‍ സഹജീവിയെ മനസ്സിലാക്കുക എന്നതാണ് മാര്‍ഗ്ഗം. അതു തന്നെയാണ് ആത്മീയ കര്‍മ്മവും. നമുക്കും ആത്മീയതയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കാം.
ശുഭദിനം.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ