KeralaNEWS

പോളിംഗ് തുടങ്ങി, സംസ്ഥാനത്ത് 2.77 കോടി വോട്ടർമാർ; ജനവിധി കാത്ത് 194 സ്ഥാനാർഥികൾ

സംസ്ഥാനത്ത് രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു.
വൈകിട്ട്  6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. കേരളത്തിൽ ഇന്ന് പൊതു അവധിയാണ്. രാവിലെ 6 ന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. അതിനു ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുക. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികൾ.

ആകെ വോട്ടർമാരില്‍ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാരാണ്. 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാർ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും കേരളത്തിലുണ്ട്.

Signature-ad

പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 വോട്ടിങ് യന്ത്രങ്ങൾ, 30,238  ബാലറ്റ് യൂണിറ്റുകൾ, 30,238  കൺട്രോൾ യൂണിറ്റ്, 32,698 വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്.

ഏതെങ്കിലും വോട്ടിങ് യന്ത്രങ്ങള്‍ക്ക് പ്രവർത്തന തകരാർ സംഭവിച്ചാല്‍ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകള്‍ എത്തിക്കും. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പുരിലും ത്രിപുരയിലും ജമ്മു ആൻഡ് കശ്മീരിലും ഓരോ സീറ്റു വീതവുമാണ് വോട്ടെടുപ്പ്.

ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19 ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകൾ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മേയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകൾ അന്ന് വിധിയെഴുതും.

Back to top button
error: