KeralaNEWS

”ഇ.പിയുമായി ജാവദേക്കര്‍ ചര്‍ച്ച നടത്തി; സഹായിച്ചാല്‍ ലാവലിന്‍ കേസ് ഒതുക്കാമെന്ന് ഉറപ്പുനല്‍കി”

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപിയുമായി ചര്‍ച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ഇ.പി. ജയരാജനേയും തന്നേയും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വന്നുകണ്ടെന്നും ഇടതിന്റെ സഹായമുണ്ടെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

ഞങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവദേക്കര്‍ പറഞ്ഞപ്പോള്‍ രക്ഷയില്ലെന്ന് ഇ.പി മറുപടി നല്‍കി. എന്നാല്‍, ബിജെപിയെ സഹായിച്ചാല്‍ പകരമായി എസ്എന്‍സി ലാവലിന്‍ കേസ് ഞങ്ങള്‍ ഇല്ലാതാക്കുമെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കര്‍ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്‌മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളില്‍ ഉറപ്പുതരുമെന്നും ജാവദേക്കര്‍ ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ ആരോപിച്ചു.

‘വൈദേകം’ റിസോര്‍ട്ടിനേക്കുറിച്ചുള്ള പരാമര്‍ശമുണ്ടായപ്പോള്‍, ആ വിഷയത്തില്‍ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശല്‍ വേണ്ടെന്നും ഇ.പി പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് കേരളത്തില്‍ നടക്കില്ലെന്ന് ഇ.പി വ്യക്തമാക്കി. സിപിഎം അല്ല, ഘടകകക്ഷിയായ സിപിഐ ആണ് അവിടെ മത്സരിക്കുന്നതെന്നും അഡ്ജസ്റ്റ്‌മെന്റ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ മാറ്റാമോയെന്ന് ഇ.പി ചോദിക്കുകയും പറ്റില്ലെന്നു ജാവദേക്കര്‍ പറയുകയും ചെയ്തു. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു. പിന്നീട് നാലുതവണ ജാവദേക്കറുമായി താന്‍ ചര്‍ച്ചനടത്തിയെന്നും പിണറായി വിജയന്റെ സംരക്ഷകനായാണ് ഇ.പി വന്നതെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: