മണ്ഡലം രൂപവത്കരിച്ച 2009 മുതല്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്‍റോയുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ.
2009ല്‍ 1,11,206 വോട്ടിന്‍റെയും 2014ല്‍ 56,191 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ ജയിച്ച യു.ഡി.എഫിന് 2019ല്‍ ഭൂരിപക്ഷം 44,243 വോട്ടായി കുറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലപരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ച എല്‍.ഡി.എഫ് നേടിയതാകട്ടെ, 73,647 വോട്ടുകളുടെ ഭൂരിപക്ഷവും.
അതേസമയം എൻ.ഡി.എ എത്തിച്ച അനില്‍ കുര്യൻ ആന്‍റണിക്ക് ബി.ജെ.പി അണികളില്‍പോലും ആവേശം വിതറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.2019ല്‍ നേടിയ വോട്ടിന്‍റെ പിൻബലമാണ് ബി.ജെ.പിയുടെ ഏക പ്രതീക്ഷ. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ജനവിധി തേടിയ മണ്ഡലത്തില്‍ അന്നു ലഭിച്ചത് 2,95,627 വോട്ടാണ്.
സമുദായ സംഘടനകള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ അവരുടെ നിലപാടുകളാണ് വിജയഘടകം. വോട്ടർമാരില്‍ ക്രൈസ്തവരും ഹൈന്ദവരും ഏകദേശം ഒപ്പമാണ്.4.60 ശതമാനം മുസ്ലിംകളുമാണുള്ളത്. പിന്നാക്കവിഭാഗങ്ങള്‍ അഞ്ച് ശതമാനം.
പരമ്ബരാഗത യു.ഡി.എഫ് മണ്ഡലം എന്നതാണ് ആന്‍റോ ആന്‍റണിക്കുള്ള ഏറ്റവും അനുകൂലഘടകം. കേന്ദ്രത്തില്‍ ഇൻഡ്യ മുന്നണിയെ അധികാരത്തിലെത്തിക്കാൻ മുസ്ലിം വോട്ടുകളും യു.ഡി.എഫിലേക്ക് ഏകീകരിക്കപ്പെടുന്നുണ്ട്. ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണസ്വാധീനമുള്ള എസ്.ഡി.പി.ഐക്ക് ഇരുപതിനായിരം വോട്ടെങ്കിലും സ്വാധീനിക്കാൻ കഴിയും. ഇതും യു.ഡി.എഫിന് അനുകൂല ഘടകമാണ്. സമദൂരം പറയുമെങ്കിലും ശബരിമല പ്രക്ഷോഭ കാലത്തിന് പിന്നാലെ എൻ.എസ്.എസ് വോട്ടുകൾ ബിജെപിക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നത് മാത്രമാണ് അനിൽ ആന്റണിക്കുള്ള പ്രതീക്ഷ.
പുറത്തുവന്ന സർവേകളിലെല്ലാം എൽ.ഡി.എഫ് അനുകൂല തരംഗമുള്ള മണ്ഡലത്തില്‍ ഇക്കുറി കാർഷിക വിഷയങ്ങള്‍ക്കുപരി രാജ്യമെങ്ങുമുള്ള ന്യൂനപക്ഷ വേട്ടക്കെതിരായ വോട്ടായിരിക്കും ഏകീകരിക്കപ്പെടുക.കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റവും ഇവിടെ പ്രതിഫലിക്കും.അതേസമയം എ ക്ലാസ് മണ്ഡലത്തില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തായിരിക്കും എന്നതിൽ തർക്കമില്ല.