CrimeNEWS

തൃശൂരില്‍ ബാങ്കിന്റെ ലോക്കറില്‍ വിഷവാതകം; മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം

തൃശൂര്‍: മാപ്രാണം സെന്ററില്‍ തൃശ്ശൂര്‍ ബസ്സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വര്‍ണം എടുത്തുവെക്കാന്‍ പോയ ബാങ്കിലെ ക്ലാര്‍ക്കുമാരായ ചേര്‍പ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി (23) എന്നിവര്‍ക്കാണ് ബോധക്കേടുണ്ടായത്. ഇവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു.

ലോക്കര്‍മുറിയിലേക്കു പോയവരെ തിരികെക്കാണാതായതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ബാങ്കിലെ ഗോള്‍ഡ് അപ്രൈസര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ബാങ്കിനകത്ത് കാര്‍ബണ്‍ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിദ്ധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ ജനറേറ്ററാണ് ബാങ്കില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ജനറേറ്റര്‍മുറിയുടെ ജനലുകള്‍ അടച്ചിട്ടനിലയിലായിരുന്നു. മൂന്നുമണിക്കൂറിലേറെ ജനറേറ്റര്‍ പ്രവര്‍ത്തിച്ചതിനാല്‍ ഓക്‌സിജന്റെ അളവ് കുറയുകയോ കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം. ലാബ് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: