തിരുവനന്തപുരം: ഫാനിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് വീട് കത്തിനശിച്ചു. തിരുവനന്തപുരം ജില്ലയിലെ വളളക്കടവിലാണ് സംഭവം. വീടിനുളളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വളളക്കടവ് പതിനാറേകാല്‍ മണ്ഡപം കുന്നില്‍ വീട്ടില്‍ സഹൃദയ റസിഡൻസില്‍ ഹയറുന്നീസയുടെ ഷീറ്റുമേഞ്ഞ വീടാണ് പൂർണ്ണമായും കത്തി നശിച്ചത്. വീടിന്റെ വരാന്തയിലുണ്ടായിരുന്നു ഫാനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടായതിനു പിന്നാലെയാണ് തീ ആളിപ്പടർന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഹയറുന്നീസയും മരുമകളും മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയും അടുക്കളയിലെത്തി പാചക വാതക സിലിണ്ടറുകളുടെ വാല്‍വ് ഓഫ് ചെയ്യുകയും ചെയ്തശേഷം പുറത്തേക്ക് ഇറങ്ങിയോടി.
ഇതിനിടെ തീ ആളിപ്പടർന്ന് വീട്ടിലെ നാല് മുറികളിലേയും ഗ്യഹോപകരണങ്ങളും വസ്ത്രങ്ങളും മുഴുവനായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമാറിയിച്ചത്.
ചാക്കയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി, സജീവ്, സേനാംഗങ്ങളായ ലതീഷ്, ആദർശ്, മുകേഷ്, ദീപു, ഹാപ്പിമോൻ എന്നിവർ ഉള്‍പ്പെട്ട രണ്ട് യൂണിറ്റ് വാഹനങ്ങളെത്തി. ഒരുമണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് തീയണച്ചത്.