KeralaNEWS

അമ്പടി കള്ളീ…! സ്ത്രീകൾ ഉൾപ്പെട്ട സംഘം സ്വർണം വാങ്ങാനെന്ന വ്യാജേന വരുന്നു, വിശ്വാസം നേടി ശേഷം ആഭരണക്കവർച്ച, നാൽവർ സംഘം കുടുങ്ങി

     കൊച്ചി: ഇടപ്പള്ളി രാജധാനി ജ്വല്ലറിയിൽ സ്വർണം വാങ്ങാനെ  വ്യാജേന എത്തി വൻ ആഭരണക്കവർച്ച നടത്തിയ നാലംഗ സംഘത്തെ പൊലീസ്  പിടികൂടി. പുണെ ഷാനി ടെംപിൾ ശുഭകാമ്നയിൽ അശ്വിൻ വിജയ് സോളങ്കി (44), ബിബ്‌വേവാഡി അപ്പർ ഇന്ദിരാനഗറിൽ ജ്യോത്സ്ന സുരാജ് കച്ച്‌വേ (30), സോലാപുർ കാദം ഹോസ്പിറ്റലിനു സമീപത്തുള്ള സുചിത്ര കിഷോർ സലുങ്കേ (52), താനെ അബർനാഥിൽ നിന്നുള്ള ജയ സച്ചിൻ ബാദ്ഗുജാർ (42) എന്നിവരെയാണ് തൃശൂരിൽ നിന്ന്  അറസ്റ്റ് ചെയ്തത്. വിമാന മാർഗമാണ് ഇവർ കൊച്ചിയിൽ മോഷണത്തിന് എത്തിയത്.

വെള്ളിയാഴ്ച രാത്രി 7.50നാണ് ഇടപ്പള്ളി ടോളിലെ ജ്വല്ലറിയിൽ നിന്നു 4 പേരും ചേർന്ന് 63,720 രൂപ വിലയുള്ള സ്വർണ നെക്‌ലേസ് കവർന്നത്. ജ്വല്ലറി പൂട്ടുന്നതിനു മുമ്പ് നടത്തിയ സ്റ്റോക്കെടുപ്പിലാണ് മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.

Signature-ad

ജ്വല്ലറിയിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്  ഇവർ ജ്വല്ലറികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘമാണെന്നും ഇവർക്കെതിരെ മറ്റു സംസ്ഥാനങ്ങളിൽ കേസുകളുണ്ടെന്നും തിരിച്ചറിഞ്ഞു. ഫോൺ നമ്പറും വിവരങ്ങളും ശേഖരിച്ചു.  ഇടപ്പള്ളിയിലെ മോഷണത്തിനു ശേഷം പ്രതികൾ മൊബൈൽഫോണുകൾ ഓഫ് ചെയ്ത ശേഷമാണ് കടന്നുകളഞ്ഞത്. പൊലീസ് രാത്രി തന്നെ എല്ലാ സ്റ്റേഷനുകളിലേക്കും പ്രതികളുടെ ഫോട്ടോകൾ സഹിതം വിവരങ്ങൾ കൈമാറി. പൊലീസിന്റെ ജാഗ്രതയാണു പ്രതികളെ വലയിലാക്കിയത്.

തൃശൂരിലെത്തിയ ശേഷം മൊബൈൽ ഫോണുകൾ ഓൺ ചെയ്ത ഈ സംഘത്തെ ഈസ്റ്റ് പൊലീസ് തൃശൂർ റൗണ്ടിൽ തടഞ്ഞുവച്ച് കളമശേരി പൊലീസിനു കൈമാറുകയായിരുന്നു.

തൃശൂരിലെ ഒരു ജ്വല്ലറിയിൽ മോഷണം നടത്താനുള്ള തയാറെടുപ്പിലായിരുന്നു ഇവരെന്നു പൊലീസ് പറഞ്ഞു. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകൾ സംസാരിക്കുന്ന ഇവർ കൂട്ടത്തോടെ ജ്വല്ലറിയിലെത്തി  ജീവനക്കാരുടെ വിശ്വാസ‌ം നേടി അവരുടെ ശ്രദ്ധതിരിച്ചാണ് കവർച്ച നടത്തിയിരുന്നത്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ ചെയ്യുകയും ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. നക്ഷത്ര ജ്വല്ലറിയിൽ നിന്നു 3.5 പവൻ ആഭരണങ്ങൾ കവർന്നതും ഇവരാണെന്നു പൊലീസ് പറഞ്ഞു.

Back to top button
error: