തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയിൽ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി.
ഇല്ലിചാരി ഭാഗത്ത് അഞ്ജാത ജീവി മൃഗങ്ങളെ ആക്രമിക്കുന്നതായി നേരത്ത നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഈ നിരീക്ഷണ കാമറയിലാണ് കഴിഞ്ഞ ദിവസം പുലിയുടെ ദൃശൃം പതിഞ്ഞത്. തുടങ്ങനാട്- പഴയമറ്റം തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് ഇല്ലിചാരി.
ഒരാഴ്‌ച മുമ്പാണ് മുട്ടം പോളിടെക്‌നിക്കിന് സമീപത്ത് നിന്ന് പട്ടിയെ അജ്ഞാത ജീവി പിടിച്ചു കൊണ്ട് പോയത്. ഇല്ലിചാരിയുടെ ഒരു ഭാഗം വനം വകുപ്പിൻ്റെ റിസർവ് വനമേഖലയാണ്. ഈ ഭാഗവും പോളിടെക്നിക്ക് സ്ഥിതി ചെയ്യുന്ന പ്രദേശവുമായി ഏറെ അകലെയല്ല. പോളിടെക്നിക്ക് ഭാഗത്ത് കണ്ട മൃഗം ഇല്ലിചാരിയിൽ കണ്ടെത്തിയ പുലി തന്നെ ആകാനാണ് സാധ്യത.
ജനവാസ മേഖലയോട് ചേർന്ന് പുലിയുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങൾ ആശങ്കയിലായി. വനം വകുപ്പ് അധികൃതർ ഇന്നലെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ തന്നെ പുലിയെ പിടികൂടു ന്നതിനായി കൂട് സ്ഥാപിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം. ഒരു മാസത്തോളമായി കരി ങ്കുന്നം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന ഇല്ലിചാരി മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഒട്ടേറെ ആടുകളും വളർത്ത് നായ്ക്കളും ഇതിന്റെ ആക്രമണത്തിനിരയായിട്ടുണ്ട്.
മൃഗങ്ങളെ കൊന്നതിന് ശേഷം തല ഒഴിച്ചുള്ള ഭാഗങ്ങൾ ഭക്ഷിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഒരു കുറുക്കനെയും ഇതേ രീതിയിൽ കൊന്നുതിന്ന നിലയിൽ കണ്ടെത്തി. വലിയ നായ്ക്കളെയും ആടുകളെയുമാണ് പുലി കൊന്നത്. അതിനാൽ ആദ്യം മുതൽ തന്നെ ഇത് പൂച്ചപ്പുലിയല്ലെന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികൾ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, പുലിയെ പിടി കൂടുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുട്ടം റേഞ്ച് ഓഫീസർ സിജോ സാമുവൽ പറഞ്ഞു.