കോട്ടയം: എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സര്‍ക്കാര്‍ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാന്‍. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്.എന്നാല്‍ ബിജെപി നേതാക്കള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് രാജ്യവുമായി എങ്ങനെ ഏറ്റുമുട്ടാം എന്ന ആലോചനയിലാണ്. അവരുടെ പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത് അത്തരത്തിലാണ്.
ബിജെപിയുമായി ആശയപരമായി സംഘടനത്തില്‍ ഏര്‍പ്പെടുന്നതു കൊണ്ട് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വരുന്നു. ഏകാധിപത്യ ശൈലിയില്‍ വിശ്വസിക്കുന്ന അവര്‍ വീട് പിടിച്ചെടുക്കുകയും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുകയും അമ്പത്തഞ്ചു ദിവസം പന്ത്രണ്ട് മണിക്കൂര്‍ വിധം ഇ.ഡി ചോദ്യം ചെയ്യുകയും പത്രമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. ബിജെപിയെ എതിര്‍ക്കുന്നു എന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ഇതൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്നും കേരള ജനത മനസിലാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്റ്റേജിലേക്ക് കടന്നു വന്നപ്പോള്‍ പ്രിയ ങ്കരനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തിയെന്നും കേരളത്തില്‍ നിന്നുള്ള എം.പി എന്ന നിലയില്‍ കേരളത്തേയും മലയാള ഭാഷയേയും അടുത്തു നിന്നറിയാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ ഭാഷാ വൈവിധ്യം ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ വിഭാഗീയത സൃഷ്ടിക്കുന്ന നയതീരുമാനങ്ങളെ നിശിതമായി വിമര്‍ശിച്ചു.
ബിജെപി സര്‍ക്കാര്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്.മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി നാളിതുവരെ അവിടെ പോയിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂരില്‍ പോവുകയും അവിടുത്തെ അക്രമങ്ങള്‍ അവസാനിപ്പിക്കുകയും വേണം. പ്രധാനമന്ത്രി പറഞ്ഞാല്‍ ഇന്ത്യന്‍ ആര്‍മിക്ക് വെറും മൂന്നു ദിവസത്തിനുള്ളില്‍ മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കും. പക്ഷേ നരേന്ദ്രമോദി അത് പറയില്ല. കാരണം രാജ്യത്ത് ഇതുപോലുള്ള പ്രശ്‌നങ്ങള്‍ നിലനിന്നാല്‍ മാത്രമേ ഇന്ത്യ നേരിടുന്ന മറ്റു പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും രാജ്യത്തെ ജനതയുടെ ശ്രദ്ധയെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ.
ദേശീയ മാധ്യമങ്ങള്‍ പോലും രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നില്ല. ഇന്ത്യ ഇന്ന് ഏറ്റവും അസമത്വം നേരിടുന്ന രാജ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. രാജ്യത്തെ എഴുപത് ശതമാനം സാമ്പത്തിക സൗകര്യങ്ങളും വെറും ഇരുപത്തിരണ്ട് പേരില്‍ ഒതുങ്ങിയിരിക്കുന്നു.
ദിവസം 100 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യ എന്ന രാജ്യം ലോകശക്തി ആണെന്ന് നമുക്ക് എങ്ങനെ പറയാന്‍ സാധിക്കും.കര്‍ഷകര്‍ നിരന്തരമായ സമരത്തിലാണ്. ചെറുപ്പക്കാര്‍ ജോലിയില്ലാതെ വലയുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരുനൂറ് ദശലക്ഷത്തോളം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴേയ്ക്ക് വന്നത്.
ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് ഉന്നമനത്തിനായി നൂതന പദ്ധതികള്‍ നടപ്പിലാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളില്‍ ഒരാള്‍ക്ക് മാസം എണ്ണായിരത്തി അഞ്ഞൂറ് രൂപ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് നല്‍കും. എല്ലാ സര്‍ക്കാര്‍ ജോലികള്‍ക്കും വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തും.
ആശ -അങ്കണവാടി തൊഴിലാളികളുടെ വേതനം ഇരട്ടിയാക്കും.ജിഎസ്ടി ലളിത വല്‍ക്കരിച്ച് കൂടുതല്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ധാരാളം ചെറുപ്പക്കാര്‍ക്ക് ഉത്തേജനം നല്‍കും. നമ്മുടെ രാജ്യത്ത് വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം വായ്പ ലഭ്യമാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.പാവങ്ങള്‍ക്ക് ലോണ്‍ ഇല്ല. വിമര്‍ശനങ്ങള്‍ നേരിടുന്ന ബിജെപിയുടെ ആര്‍മി റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് പദ്ധതി നിര്‍ത്തലാക്കും.
അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് നൈപുണ്യ മേഖലയില്‍ പരിശീലനം നല്‍കി , അതുവഴി ഇവര്‍ക്ക് മാസം എണ്ണായിരത്തി അഞ്ഞൂറ് രൂപ മാസം സ്റ്റൈപ്പന്റ് നല്‍കാനും പദ്ധതിയിലുണ്ട് എന്നും തനിക്ക് ഈ ആശയങ്ങള്‍ ലഭിച്ചത് ജനങ്ങളില്‍ നിന്നാണെന്നും ബ്യൂറോക്രാറ്റുകളില്‍ നിന്നല്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യു ഡി എഫ് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ , കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ .മോന്‍സ് ജോസഫ് എം എല്‍ എ, എം എല്‍ എമാരായ , അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ , ചാണ്ടി ഉമ്മന്‍, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുന്‍ മന്ത്രി കെ.സി ജോസഫ് , മുന്‍ എം.പി മാരായ പി.സി തോമസ്,ജോയി എബ്രഹാം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ ആഗസ്തി, മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍, റോയി. കെ.പൗലോസ്,ജോഷി ഫിലിപ്പ്, പി.എ സലീം, കുഞ്ഞ് ഇല്ലംമ്പള്ളി,ഫിലിപ്പ് ജോസഫ് , യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ്, അഡ്വ.ജെയ്‌സന്‍ ജോസഫ്, അഡ്വ.ഫില്‍സണ്‍ മാത്യൂസ്, അസീസ് ബഡായി, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യന്‍, പി.ആര്‍ സോന,, യൂജിന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.