KeralaNEWS

‘അരനാഴികനേര’ത്തിലെ ‘സമയമാം രഥത്തിൽ’ രചിച്ചത് മലയാളിയല്ല! നാം നെഞ്ചേറ്റിയ ഈ ഗാനത്തിൻ്റെ പിറവിക്കു പിന്നിലെ കഥ ഇതാണ്

     ഇന്ന് ജാതി മത ഭേദമെന്യേ എല്ലാവരുടെയും നാവിലെത്തുന്ന ഒരു ക്രിസ്ത്യൻ ഗാനമാണ് ‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു’എന്ന പാട്ട്. ഈ വരികൾ മലയാളികൾ ആദ്യം കേൾക്കുന്നത് 1970ൽ പുറത്തിറങ്ങിയ മഞ്ഞിലാസിന്റെ ‘അരനാഴികനേരം’ എന്ന സിനിമയിലാണ്. ആ ഗാനം പോപ്പുലറായത് സിനിമയിൽ വന്നതുകൊണ്ടാണ്. ഭാവ സാന്ദ്രമായ അന്തരീക്ഷത്തിൽ കത്തുന്ന മെഴുകുതിരികൾക്കു മുൻപിൽ കൈകൾ കൂപ്പി കഥാപാത്രങ്ങളായ ദീനാമ്മയും, കുട്ടിയമ്മയും പാടി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർ  അന്നത് ഏറ്റു പാടിയിരുന്നു. ഇന്നും ഈ ഗാനം ജനലക്ഷങ്ങളിൽ ജീവിക്കുന്നു. ഈ ഗാനത്തിൻ്റെ പിറവിയെക്കുറിച്ചുള്ള കഥ അറിയാം.

കഥ നടക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്നംകുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ ഒരാൾ തനിച്ച് യാത്ര ചെയ്യുകയാണ്. യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിക്കുന്നു:

‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു…’

ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം മാത്രം, യാത്രക്കാരൻ മറ്റാരുമല്ല. വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരൻ. ആരാണീ നാഗൽ? ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ ക്രിസ്തീയ പ്രവർത്തനവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറി. അദ്ദേഹം ക്രിസ്ത്യൻ പ്രവർത്തനത്തിനായി ആദ്യം നിയമിക്കപ്പെട്ടത് കണ്ണൂരിലെ ക്രിസ്ത്യൻ മിഷൻ കേന്ദ്രത്തിലായിരുന്നു.

ചുരുങ്ങിയകാലം കൊണ്ട് മലയാള ഭാഷ അദ്ദേഹം വശമാക്കി. ഒരു പിടി മലയാള ഗാനങ്ങൾ രചിച്ചു. പിന്നീട് ദീർഘകാലം വാണിയംകുളത്തായിരുന്നു പ്രവർത്തന കേന്ദ്രം, പിന്നീട് ബാസൽ മിഷൻ ഫാക്ടറികളുടെ ചുമതലയേറ്റു. ഈ ചുമതലകൾ തന്റെ ക്രിസ്തീയ പ്രവർത്തനത്തിന് വിലങ്ങുതടിയാവുമെന്നു കരുതിയ നാഗൽ സ്വതന്ത്രമായ ക്രിസ്തീയ പ്രവർത്തനത്തിന്റെ വഴി തെരെഞ്ഞെടുത്തു. ബാസൽ മിഷനോട് എന്നന്നേക്കുമായി വിട പറഞ്ഞു. പിന്നീടുള്ള തന്റെ കർമ്മരംഗം തൃശ്ശൂരും പരിസര പ്രദേശങ്ങളുമായിരുന്നു. കുന്നംകുളമായി ആസ്ഥാനം.

അങ്ങോട്ടുള്ള ആ യാത്രയിലാണ് ക്രൈസ്തവ ഭക്തിഗാനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ‘സമയമാം രഥത്തിൽ’ എന്ന ഗാനത്തിന്റെ പിറവി. നാഗൽ ഓർമ്മയായിട്ട് വർഷങ്ങൾ ഏറെയായിട്ടും അദേഹം രചിച്ച ഈ ഗാനം ഇന്നും മനുഷ്യമനസുകളിൽ പച്ചയായി ജീവിച്ചിരിക്കുന്നു. നാഗൽ രചിച്ച ‘സമയമാം രഥ’ത്തിൻ്റെ ഒറിജിനിലലിന് 40 വരികളോളം വരും. എന്നാൽ പിന്നീട്, 70 വർഷക്കൾക്കു ശേഷം ഇറങ്ങിയ ‘അരനാഴികനേര’ത്തിലെ പ്രത്യേക  സന്ദർഭത്തിനു വേണ്ടി വരികൾ കുറച്ച് ചുരുക്കിയിട്ടുണ്ട്.

Back to top button
error: