KeralaNEWS

ട്രെയിനിൽ പാമ്പ്, വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റ; കാലുകുത്താൻ ഇടമില്ലാതെ തിങ്ങിഞെരുങ്ങി യാത്രക്കാരും

ട്രെയിൻ യാത്രക്കാർക്ക് റെയിൽവേ ശുഭയാത്ര ആശംസിക്കാറുണ്ട്.എന്നാൽ, ട്രെയിനിൽ കയറുന്നവരുടെ യാത്ര എത്രത്തോളം ശുഭമാണെന്ന ചോദ്യം കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും യാത്രക്കാർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.വടക്കേ ഇന്ത്യക്കാർ ഇത് പണ്ടെ അവഗണിച്ച ചോദ്യമാണ്.
കേരളത്തിൽ കുറെക്കാലമായി ‘ശുഭയാത്ര’ അല്ല യാത്രക്കാർക്ക് റെയിൽവേ സമ്മാനിക്കുന്നത്.
പകൽകൊള്ളയുടെ നേർരൂപമായ വന്ദേഭാരത് ഒഴികെ പുതിയ ട്രെയിനുകളൊന്നും സംസ്ഥാനത്തിന്  അനുവദിച്ചില്ലെന്ന് മാത്രമല്ല,ഉള്ള ട്രെയിനുകളുടെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകളുമാക്കി ജനങ്ങൾക്ക് ദുരിതയാത്രയാണ് റയിൽവേ സമ്മാനിക്കുന്നതും.ഇതോടെ സ്ലീപ്പർ കോച്ചുകളിൽ നന്നുതിരിയാൻ പോലും ഇടമില്ലാതെയുമായി.ഇതിനുപുറമെയാണ് റിസർവേഷൻ സീറ്റുകളിൽപ്പോലും കടന്നിരിക്കുന്ന വടക്കേയിന്ത്യൻ തൊഴിലാളികളുടെ ശല്യവും.
കഴിഞ്ഞ സെപ്റ്റംബർ മാസത്തോടെയാണ് നാലു ട്രെയിനുകളിൽ ഓരോ സ്ലീപ്പർകോച്ച് ഒഴിവാക്കി പകരം ഓരോ എ സി ത്രീ ടയർകോച്ച് ഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നീ വണ്ടികളിലാണ് മാറ്റം.
എ.സി കോച്ചുകൾ മാത്രമുള്ള വണ്ടികളിലെ ഉയർന്ന യാത്രാ നിരക്ക് വലിയ വിഭാഗം മനുഷ്യർക്കും താങ്ങാവുന്നതല്ല. സ്വന്തം നാടും വീടും കുടുംബവും വിട്ട് അന്യസംസ്ഥാനങ്ങളിൽ പോയി ചെറിയ തൊഴിലെടുക്കുന്ന സാധാരണക്കാർ സ്ളീപ്പർ ക്ലാസാണ് ഇന്നും ആശ്രയിക്കുന്നത്. മാത്രമല്ല,പല ട്രെയിനുകളും സൂപ്പര്‍ഫാസ്റ്റ് ആക്കാനും റയില്‍വെ തീരുമാനിച്ചിട്ടുണ്ട്.ഇതോടെ സാധാരണ ടിക്കറ്റ് എടുക്കുന്നവര്‍ സൂപ്പര്‍ ഫാസ്റ്റിന്റെ സപ്ലിമെന്‍ററി അധിക നിരക്ക് കൂടി എടുക്കേണ്ടിയും വരും.സീസണ്‍ ടിക്കറ്റിനും സപ്ലിമെന്‍ററി ചാര്‍ജ് ബാധകമാണ്.ആവശ്യത്തിന് തീവണ്ടികൾ ഇല്ലാത്തതിനാൽ സ്ളീപ്പർ കോച്ചുകളിലടക്കം ജനം കുമിഞ്ഞു കൂടുന്നതിനിടെയാണ് പുതിയ സംഭവം.

മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയില്‍വേ നേടിയത് 5800 കോടി രൂപയാണ്.ഇതിന് പിന്നാലെയാണ് യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് ഡീ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം റെയില്‍വേ വെട്ടിച്ചുരുക്കിയത്.

ഇതിനിടെയാണ് യാത്രക്കാരന് ട്രെയിനിൽ പാമ്ബ് കടിയേറ്റെന്ന വിവരം പുറത്തുവരുന്നത്.ഇന്നലെയായിരുന്നു സംഭവം.ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്ബ് കടിയേറ്റത്.
ഏറ്റുമാനൂരില്‍ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്ബർ ബോഗിയിലെ യാത്രക്കാരനെ പാമ്ബ് കടിച്ചത്.ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്പിന്നാലെ ഏഴാം നമ്ബർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച്‌ ട്രയിൻ യാത്ര തുടരുകയും ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു എസി കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ഇരുപതോളം മലയാളികളെ സേലത്തിന് സമീപം വച്ച് കൊള്ളയടിച്ചത്.യശ്വന്ത്പൂർ- കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ഇരുപതോളം മലയാളി യാത്രക്കാരുടെ ആഭരണങ്ങളും പണവും ഫോണുകളും ഉള്‍പ്പടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കള്‍ കൈക്കലാക്കിയത്.

 സേലത്തിനും ധർമ്മപുരിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്. വിലപിടിച്ച വസ്തുക്കള്‍ കവർന്നശേഷം യാത്രക്കാരുടെ ബാഗുകള്‍ ടോയ്‌ലറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. ടാേയ്‌ലറ്റില്‍ പോയ ചില യാത്രക്കാർ വേസ്റ്റ് ബിന്നില്‍ ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്.യാത്രക്കാർ നല്ല ഉറക്കിത്തിലായിരുന്ന സമയത്താണ് കവർച്ച നടന്നത്. അതിനാല്‍ ആരുംതന്നെ മോഷ്ടാക്കളെ കണ്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.ഈ നിമിഷം വരെയും സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ഏപ്രിൽ 9 ന് പുലർച്ചെയായിരുന്നു സംഭവം.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടിടിഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്നതും അടുത്തിടെയായിരുന്നു.ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി റെയിൽവേയുടെ എല്ലാ വികസനത്തിന്റെയും ഒറ്റപ്പേരാണ് – വന്ദേഭാരത്.ഏറെ കൊട്ടിഘോഷിക്കപ്പെട്ട വന്ദേ ഭാരത് ട്രെയിനിലെ ബ്രേക്ക്ഫാസ്റ്റില്‍ നിന്നും കിട്ടിയ പാറ്റയുടെ ചിത്രവുമായി നടന്‍ മുരളി മേനോൻ തന്നെ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. വന്ദേ ഭാരതിലെ ‘നോണ്‍ വെജ് ബ്രേക്ക്ഫാസ്റ്റ്’എന്ന കുറിപ്പോടെയാണ് മുരളി മേനോന്‍ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്.

തനിക്ക് കിട്ടിയ മുട്ടക്കറിയില്‍ നിന്നുമാണ് പാറ്റയെ ലഭിച്ചതെന്ന് മുരളി മേനോന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.ഇതിന്റെ ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നുമാണ് ഇദ്ദേഹം ട്രെയിന്‍ കയറിയത്.

‘വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു’. മുട്ടക്കറിയില്‍ പാറ്റ കിടക്കുന്ന ചിത്രം അടക്കം മുരളി മേനോൻ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു.

ഇത് ആദ്യമായല്ല വന്ദേ ഭാരതിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചത്.കഴിഞ്ഞ വർഷം മധ്യപ്രദേശിലും വന്ദേഭാരത് ട്രെയിനില്‍ നിന്നും ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയിരുന്നു.മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള ട്രെയിനിലായിരുന്നു സംഭവം.വന്ദേഭാരതില്‍ വിതരണം ചെയ്ത റൊട്ടിയില്‍ നിന്നാണ് പാറ്റയെ കിട്ടിയത്. സെന്‍ട്രല്‍ റെയില്‍വെ മന്ത്രാലയം, ഐആര്‍സിടിസി എന്നിവരെ ടാഗ് ചെയ്ത് യാത്രക്കാരന്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ക്ഷമാപണവുമായി ഐആര്‍സിടിസി രംഗത്തെത്തിയിരുന്നു.

ഇതിനിടെ എറണാകുളത്തു നിന്നും ‘കൊലപാതകം ‘ റൂട്ടിൽ റയിൽവേ സ്പെഷൽ ട്രെയിൻ ഓടിക്കുകയും ചെയ്തു.കഴിഞ്ഞ ബുധനാഴ്ചയാണ് എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെ സ്ഥലപ്പേര് എഴുതിയ ബോർഡില്‍ ഹാതിയ എന്നത് മലയാളത്തില്‍ എഴുതിയപ്പോള്‍ ‘കൊലപാതക’മായി മാറിയത്.

 ജാർഖണ്ഡില്‍വെച്ചായിരുന്നു ബോർഡ് സ്ഥാപിച്ചത്.ഹിന്ദിയില്‍ കൊലപാതകത്തിന് ‘ഹത്യ ‘ എന്നാണ് പറയുന്നത്.ഹാതിയ എന്നത് ഗൂഗിള്‍ ട്രാൻസ്ലേറ്റ് വഴി മൊഴിമാറ്റിയപ്പോൾ കൊലപാതകമായി മാറുകയായിരുന്നു.

ആരോ ഫോട്ടെയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വ്യാപകമായി പ്രചരിച്ചത്. തുടർന്ന് റെയില്‍വേ ‘കൊലപാതകം’ മഞ്ഞ പെയിന്റടിച്ച്‌ മായ്ച്ചു.എന്തായാലും കഴിഞ്ഞ ബുധനാഴ്ച രാത്രി 11.25ന് ട്രെയിൻ കൊലപാതകം മായ്ച്ച്‌ ഹാതിയയിലേക്ക് പുറപ്പെട്ടതായാണ് റയിൽവേ അനൗൺസ് മെന്റിൽ കേട്ടത്.ഇതോടൊപ്പം ശുഭയാത്രയും നേർന്നതായി ഏതോ യാത്രക്കാരൻ ഒറ്റക്കാലിൽ വാതിൽപ്പടിയിൽ തൂങ്ങി നിന്ന് കേട്ടത്രെ!

Back to top button
error: