Fiction

ചില വന്‍മരങ്ങൾ പിഴുതെറിയപ്പെടുന്നത് ചുവട് തുരന്നുവരുന്ന ചിതലുകള്‍ മൂലമാണ്, സ്വന്തം മഹത്വത്തിൽ അഹങ്കരിക്കരുത്

വെളിച്ചം

     താന്‍ വലിയ പണ്ഡിതനാണ് എന്നായിരുന്നു അയാളുടെ വിചാരം. ഒരു ദിവസം കത്തിച്ച തിരിയുമായി വരുന്ന യുവാവിനോട് അയാള്‍ ചോദിച്ചു:

“ഈ വെളിച്ചം എവിടെ നിന്നും വരുന്നുവെന്ന് നിനക്കറിയാമോ…?”

ആ തിരി ഊതിക്കെടുത്തിയ ശേഷം യുവാവ് പറഞ്ഞു:
“ആ വെളിച്ചം എങ്ങോട്ടു പോയി എന്ന് പറയാമെങ്കില്‍ താങ്കള്‍ചോദിച്ചതിന്റെ ഉത്തരം ഞാനും പറയാം…”

അയാള്‍ നിശബ്ദമായി തലയും താഴ്ത്തി നടന്നുപോയി.
ഈഗോ തകര്‍ക്കപ്പെടുന്ന നിമിഷത്തിലാണ് ഒരാള്‍ അയാളെ ഏറ്റവും നന്നായി അറിയുന്നത്. സ്വയം ബഹുമാനം നല്ലതാണ്. പക്ഷേ, അത് സ്വയം പുകഴ്ത്തല്‍ ആയി രൂപമാറ്റം സംഭവിക്കുമ്പോള്‍ അരോചകമായി മാറുന്നു.

സ്വന്തം ശ്രേഷ്ഠതയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. എല്ലാവരും തന്നെ ബഹുമാനിക്കും, അതുകൊണ്ട് തന്നെ തന്നേക്കാള്‍ മികവു കുറഞ്ഞവരെ എളുപ്പത്തില്‍ തറപറ്റിക്കാം, തന്നെ ചോദ്യം ചെയ്യാന്‍ അധികമാരും ധൈര്യപ്പെടില്ല എന്നൊക്കെ. ഇത്തരം മിഥ്യാ സങ്കല്‍പങ്ങളില്‍ അവര്‍ തങ്ങള്‍ക്കുചുറ്റും ആത്മപ്രേമത്തിന്റെ ഒരു ചീട്ടുകൊട്ടാരം തീര്‍ക്കും…

പക്ഷേ, അത്തരം ചീട്ടുകൊട്ടാരങ്ങളെ തകര്‍ക്കാന്‍ നിസ്സാരരും, കീടങ്ങളുമായി കരുതപ്പെടുന്നവര്‍ക്ക് അനായാസം സാധിക്കും. ഉറുമ്പിനാണ് ആനയെ തോല്‍പ്പിക്കാന്‍ എളുപ്പം. വന്‍മരങ്ങളെല്ലാം പിഴുതെറിയപ്പെടുന്നത് അതുപോലുമറിയാതെ ചുവട് തുരന്നുവരുന്ന ചിതലുകള്‍ മൂലമാണ്.

ചിലപ്പോഴൊക്കെ ഇത്തരം പരാജയങ്ങളിലൂടെ കടന്നുപോകുന്നത് നല്ലതാണ്. താന്‍ എന്തിനൊക്കെയാണോ ബലിഷ്ടമായി കരുതിയിരുന്നത് അവ കണ്‍മുന്നില്‍ തകർന്നടിഞ്ഞു പോകുന്നത് കാണാന്‍ സാധിക്കും.. ഒപ്പം, താന്‍ നിസ്സാരമെന്നു കരുതിയവയുടെ മഹത്വവും മനസ്സിലാകും.

ഒരു നാളവും അധികനാള്‍ നിലനില്‍ക്കില്ല.. അണയുന്നതിന് മുമ്പ് അത് ആര്‍ക്കുവേണ്ടി ജ്വലിച്ചു എന്ന ചോദ്യത്തിന് ഉത്തരം നല്‍കണം. സ്വന്തം പേരും പെരുമയും നിലനിര്‍ത്താന്‍ മാത്രം ജ്വലിക്കുന്നവര്‍ ഒരു ചെറുകാറ്റില്‍ പോലും അണയും. എന്നാല്‍ ആര്‍ക്കെങ്കിലുമൊക്കെ തീ പകര്‍ന്നിട്ടുള്ളവരുടെ നാളം അണയാതിരിക്കാന്‍ ആരെങ്കിലുമൊക്കെ ശ്രമിക്കും.

നന്മ നിറഞ്ഞ വിഷു ആശംസകൾ.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: