MovieNEWS

”കുറേ നേരമായല്ലോ ഉണ്ടാക്കുന്നു, ഇവനാരാ ശിവാജി ഗണേശനോ? സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു”

ന്തരിച്ച നടന്‍ സുകുമാരന്‍ സിനിമാ ലോകത്ത് ഇപ്പോഴും ഇടയ്ക്ക് ചര്‍ച്ചയാകാറുണ്ട്. കാര്യങ്ങള്‍ തുറന്നടിച്ച് സംസാരിക്കുന്ന സുകുമാരന്റെ പ്രകൃതത്തെ നിരവധി സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. സുകുമാരന്‍ സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. 1989 ല്‍ പുറത്തിറങ്ങിയ ‘ന്യൂ ഇയര്‍’ എന്ന സിനിമയിലെ അനുഭവങ്ങളാണ് വിജി തമ്പി പങ്കുവെച്ചത്. സുരേഷ് ഗോപി അന്ന് സിനിമാ രം?ഗത്ത് തുടക്കക്കാരനാണ്.

സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് വിജി തമ്പി സംസാരിച്ചത്. സുരേഷ് ഗോപി ചെയ്യാനിരുന്ന റോള്‍ താന്‍ ചെയ്യാമെന്ന് സുകുമാരന്‍ പറഞ്ഞിരുന്നെന്ന് വിജി തമ്പി പറയുന്നു. സുകുവേട്ടന്‍ ഇത് അഞ്ചോ പത്തോ വര്‍ഷം മുമ്പാണ് പറഞ്ഞിരുന്നതെങ്കില്‍ ആ റോളിന് തീര്‍ച്ചയായും സുകുവേട്ടന്‍ ഫിറ്റ് ആയിരുന്നു. പക്ഷെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ സുകുവേട്ടന്‍ ആ ക്യാരക്ടറില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചെന്ന് വരില്ലെന്ന് ഞാന്‍ പറഞ്ഞു.

Signature-ad

അതൊക്കെ നിനക്ക് തോന്നുന്നതാണ്, നമ്മള്‍ അഭിനയിച്ച് കാണിച്ച് കൊടുക്കില്ലേ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും താന്‍ സമ്മതിച്ചില്ലെന്ന് വിജി തമ്പി ഓര്‍ത്തു. ‘സുകുവേട്ടന്‍ നിരാശനായി പോയി. പ്രശ്‌നമൊന്നുമില്ലാതെ പുള്ളി അഭിനയിക്കുകയും ചെയ്തു. പ്രൊഫഷണലായ ആക്ടറാണ്. സുരേഷ് ഗോപി രഞ്ജി പണിക്കരുടെ ഡയലോഗ് വെച്ച് കാച്ചുന്ന ആളായി പിന്നെ മാറി’

‘പക്ഷെ അന്നത്തെ കാലത്ത് അങ്ങനെയൊന്നുമല്ല. ഒരു ദിവസം രാത്രി ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. സുകുവേട്ടനും സിദ്ദിഖും കുഞ്ചനും പൊലീസ് ഓഫീസറാണ്. ഉര്‍വശിയും ജയറാമും നില്‍ക്കുന്നുണ്ട്. പിടിക്കപ്പെട്ടു എന്ന് മനസിലായി സുരേഷ് ഗോപിയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്ന സീന്‍’

‘ഏകദേശം ഒന്നൊന്നര പേജുള്ള ഡയലോഗ്. കുറ്റസമ്മതം നടത്തുകയും ജീവചരിത്രം പറയുകയും ചെയ്ത് കൈയിലൊരു മദ്യ കുപ്പിയുമായി വന്ന് കുടിക്കുന്ന കൂട്ടത്തില്‍ ദേഹത്ത് മദ്യം ഒഴിച്ച് ലൈറ്ററെടുത്ത് ശരീരം കത്തിക്കുന്നതാണ് ക്ലൈമാക്‌സ്. ഇതൊരു പെര്‍ഫോമന്‍സാണ്. ആറ് റിഹേഴ്‌സലായി. സുരേഷേ നമുക്ക് എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. രാത്രി രണ്ടര മണിയായി. എനിക്കൊരു റിഹേഴ്‌സല്‍ കൂടെ വേണം. അവസാനം എല്ലാവര്‍ക്കും ദേഷ്യമായി. പക്ഷെ സുരേഷിന് വീണ്ടും നന്നാക്കണമെന്ന ത്വര’

‘സുകുവേട്ടന് ഇറിറ്റേഷന്‍ വന്ന്, ഇവനാരിത്, കുറേ നേരമായല്ലോ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്? ഇവനാര് ശിവാജി ഗണേശനോ എന്ന് സുകുവേട്ടന്റെ വായില്‍ നിന്ന് അബദ്ധത്തില്‍ വീണു. അടുത്തത് ഞാന്‍ കാണുന്നത് പൊട്ടിക്കരയുന്ന സുരേഷ് ഗോപിയെയാണ്. പൊട്ടിക്കരഞ്ഞ് കൊണ്ട് അടുത്ത മുറിയിലേക്ക് പോയി. ആകെപ്പാടെ തുലഞ്ഞു’

‘ഇത്രയും ആര്‍ട്ടിസ്റ്റുകളുടെ കോംബിനേഷന്‍ കിട്ടാന്‍ പാടാണ്. ഉര്‍വശിയും ജയറാമും എല്ലാവരും ബിസിയാണ്. എടുക്കുന്നെങ്കില്‍ എടുക്കാശാനേ, മണി ഇത്രയായി, എനിക്ക് മുറിയില്‍ പോകണമെന്ന് സുകുവേട്ടന്‍. സുകുവേട്ടന്‍ വേറെ മുറിയിലേക്ക് പോയി’

‘സുകുവേട്ടനുമായി നല്ല അടുപ്പമുള്ളയാളാണ് കുഞ്ചന്‍. ഡാ, സുകൂ, നീ എന്ത് പോക്രിത്തരമാണ് കാണിച്ചത്, നീ മലയാളത്തിലെ വലിയ ആക്ടറാണ്, നീ പുതിയ പയ്യനോട് മോശമായി പെരുമാറിയില്ലേ എന്ന് അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു. പോയി മാപ്പ് പറയാന്‍ പറഞ്ഞു. അവസാനം സുകുവേട്ടന്‍ സുരേഷ് ഗോപിയുടെ കട്ടിലിരുന്ന് ക്ഷമിക്കെടാ എന്നൊക്കെ പറഞ്ഞ് എണീപ്പിച്ചു’

അവസാനം കണ്ണാെക്കെ തുടച്ച് മേക്കപ്പൊക്കെ ടച്ച് ചെയ്ത് വീണ്ടും സുരേഷ് ഗോപി അഭിനയിച്ചു,’ വിജി തമ്പി പറഞ്ഞു. ഗംഭീരമായി സുരേഷ് ഗോപി ക്ലൈമാക്‌സ് അഭിനയിച്ചെന്നും സുകുമാരന്‍ നടനെ കെട്ടിപ്പിടിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞെന്നും വിജി തമ്പി ഓര്‍ത്തു.

 

 

Back to top button
error: