മുംബൈ: പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയുടെ ക്യാന്റീനിലെ സമൂസയില്‍ നിന്ന് കോണ്ടം, ഗുട്ക, കല്ല് എന്നിവ കണ്ടെത്തി. പൂനെയിലെ പിംപാരി ചിഞ്ച്വാഡിലാണ് സംഭവം നടന്നത്. സംഭവത്തില്‍ റഹീം ഷെയ്ഖ്, അസ്ഹര്‍ ഷെയ്ഖ്, മസര്‍ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് തുടങ്ങിയ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കാറ്റലിസ്റ്റ് സര്‍വീസ് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ ക്യാന്റീനില്‍ ലഘുഭക്ഷണം എത്തിച്ചിരുന്നത്. എന്നാല്‍ കാറ്റലിസ്റ്റ് കമ്പനി അടുത്തിടെ മനോഹര്‍ എന്റര്‍പ്രൈസ് എന്ന മറ്റൊരു സബ് കോണ്ട്രാക്ടിംഗ് സ്ഥാപനത്തിന് സമൂസ നല്‍കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇവര്‍ ക്യാന്റീനില്‍ നല്കിയ സമൂസയിലാണ് കോണ്ടം,? ഗുട്ക, കല്ല് എന്നിവ കണ്ടെത്തിയത്. തുടര്‍ന്ന് ഓട്ടോമൊബൈല്‍ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്കി.
അന്വേഷണത്തില്‍ മനോഹറിന്റെ സ്ഥാപനത്തിലെ ഫിറോസ് ഷെയ്ഖും വിക്കി ഷെയ്ഖുമാണ് സമൂസയില്‍ കോണ്ടവും ഗുട്കയും കല്ലും നിറച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തു. മനോഹര്‍ എന്റര്‍പ്രൈസസിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഭക്ഷണത്തില്‍ ഇങ്ങനെ ചെയ്തതെന്ന് പ്രതികള്‍ സമ്മതിച്ചു.
മുന്‍പ് കരാര്‍ അടിസ്ഥാനത്തില്‍ ലഘുഭക്ഷണം എത്തിച്ചിരുന്ന മറ്റൊരു കമ്പനിയായ എസ്ആര്‍എ എന്റര്‍പ്രൈസസിലെ ജീവനക്കാരാണ് ഇവരെന്നും കണ്ടെത്തി. ഭക്ഷണത്തില്‍ മായം ചേര്‍ത്തവര്‍ക്കും അതിന് വേണ്ടി അവരെ നിയോഗിച്ചവര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.