ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷനിലായിരുന്ന ഇരുപത്തിയാറുകാരിയുടെ മൃതദേഹം താമസ സ്ഥലത്തെ അലമാരയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഇവിടെയാണ് പങ്കാളിക്കൊപ്പം ഈ യുവതി താമസിച്ചിരുന്നത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മകളെ ബന്ധപ്പെടാന്‍ കുറച്ചുദിവസങ്ങളായി ശ്രമിക്കുന്നുണ്ടെന്നും സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അലമാരയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കാളിയായ ഗുജറാത്ത് സൂറത്ത് സ്വദേശിയെ കാണാനില്ലെന്നാണ് വിവരം.
മകളെ പങ്കാളി കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ലിവ്-ഇന്‍ ബന്ധം വേര്‍പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവ്. നിയമപരമായി വിവാഹിതരല്ലെങ്കിലും, പുരുഷനൊപ്പം ഗണ്യമായ കാലയളവില്‍ താമസിക്കുന്ന സ്ത്രീക്ക് വേര്‍പിരിയലിനു ശേഷം ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതിയാണ് വ്യക്തമാക്കിയത്. ലിവ്-ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന നിര്‍ണായക വിധിയാണ് കോടതി പുറത്തുവിട്ടത്.
ലിവ് ഇന്‍ റിലേഷനിലുണ്ടായിരുന്ന യുവതിക്ക് പ്രതിമാസം 1500 രൂപ നല്‍കണമെന്ന വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹരജിയിലാണ് ഹൈകോടതി വിധി.