തിരുവനന്തപുരം: വയനാട്ടിലെ ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഉത്തരവിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി, റാലി പി ആര്‍, ജോണ്‍സണ്‍, ഇ.വി ഷീമ എന്നിവര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്.
നിയമനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.10 ാം തീയതിക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞത്.
റാണി ജോര്‍ജ് കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാല് പേരെ വയനാട്ടില്‍ അധ്യാപകരായി നിയമിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.