ടെക്നോളജി
സുനിൽ കെ ചെറിയാൻ
ആദ്യം നിങ്ങൾ വായ കൊണ്ട് പറഞ്ഞത് യന്ത്രം വരച്ചു. നിർമ്മിത ബുദ്ധിയുടെ കളിയാണ് മനുഷ്യമൊഴിയുടെ നിർദ്ദേശത്താൽ ഡിജിറ്റൽ ഇമേജുണ്ടാക്കുക എന്നത്. അത് പഴയ കഥയായി. പിന്നീട്, വാമൊഴിയനുസരിച്ച് ഉണ്ടാക്കിയ ചലനചിത്രം കൊണ്ടായിരുന്നു നിർമ്മിതബുദ്ധിയുടെ അടുത്ത ഞെട്ടിക്കൽ.
ഇപ്പോഴിതാ മനുഷ്യശബ്ദം പുനഃസൃഷ്ടിക്കാവുന്ന പരുവത്തിലേയ്ക്ക് വളർന്നു ആ ‘കുരുട്ടു’ബുദ്ധി.
സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമാക്കിയുള്ള ഓപ്പൺ എ ഐ എന്ന ടെക്‌നോളജി കമ്പനിയാണ് മനുഷ്യശബ്ദം യന്ത്രത്തിലൂടെ അവതരിപ്പിച്ച് നിർമ്മിതബുദ്ധിയുടെ പുതുസാധ്യതകൾ ലോകത്തിന് മുന്നിൽ കേൾപ്പിച്ചത്. ഒപ്പം അതിൽ പതിയിരിക്കുന്ന അപകടങ്ങളും.
ഫ്രോഡുകൾക്കും അപാരസാധ്യതകൾ തുറന്നു കിട്ടുന്ന ഏർപ്പാടാണിതെന്ന് മൈക്രോസോഫ്റ്റിന് പങ്കാളിത്തമുള്ള ഓപ്പൺ എ ഐ കമ്പനി അധികൃതർക്കറിയാം. അമേരിക്കൻ പ്രസിഡണ്ട് പറയാത്ത കാര്യം പ്രസിഡണ്ടിന്റെ വോയ്‌സ് ക്ലിപ്പായി പ്രചരിച്ചാൽ അതുണ്ടാക്കുന്ന ലോക പുകിലുകൾ ആലോചിക്കാവുന്നതേയുള്ളൂ.
വോയ്‌സ് എൻജിൻ എന്നാണ് പുതിയ യന്ത്രത്തിന്റെ പേര്. നമ്മൾ ഒരു ടെക്സ്റ്റ് വായിച്ചാൽ അത് കേൾക്കുന്ന അഥവാ റെക്കോഡ് ചെയ്യുന്ന യന്ത്രം പിന്നീട് നിങ്ങളുടെ സ്വരം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കും. മാത്രമല്ല, ഇംഗ്ലീഷിൽ നിങ്ങൾ പറയുന്ന ഒരു കാര്യം നിങ്ങളുടെ സ്വരത്തിൽ മറ്റ് ഭാഷകളിൽ കേൾക്കുകയും ചെയ്യാം.
ഓഡിയോ ബുക്ക്‌സ്, ചാറ്റ് ബോക്‌സിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന ഓട്ടോമേറ്റഡ് ശബ്ദസഹായി, കൃത്രിമ റേഡിയോ ജോക്കി, അനൗൺസ്, ഡബ്ബിങ്ങ് മേഖലകൾ ഇവിടെയൊക്കെയാണ് നിർമ്മിതശബ്ദത്തിന്റെ സഹായം. പക്ഷെ ഉപകാരത്തെക്കാൾ ഉപദ്രവമുണ്ടാവാനാണ് ഇത്തരം ടെക്നൊളജികളുടെ സാധ്യത.
അതുകൊണ്ട്, ശ്രദ്ധിക്കുക, നിങ്ങളുടെ സുഹൃത്തിൻ്റെയോ ബാങ്ക് മാനേജരുടെയോ ശബ്ദത്തിൽ ഫോണിൽ ഒരാൾ സംസാരിച്ചാൽ അത് അവർ ആയിരിക്കണമെന്ന് നിർബന്ധമില്ല…!