Fiction

ഈ സത്യം തിരിച്ചറിയുക: മനുഷ്യൻ ഏറ്റവുമധികം ആഹ്ലാദം  അനുഭവിക്കുന്നത് മറ്റുളളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ്

വെളിച്ചം

    ആ ചന്തയില്‍ പഴങ്ങള്‍ വിറ്റിരുന്ന വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു. നല്ല പഴങ്ങള്‍ മാത്രം വില്‍ക്കുന്നതുകൊണ്ട് ധാരാളം ആളുകള്‍ അവിടെ വരാറുണ്ട്.  അടുത്തുള്ള ആശ്രമത്തിൻ്റെ മേധാവിയായ ആശാന്‍ തന്റെ ശിഷ്യര്‍ക്കുളള പഴങ്ങള്‍ അവിടെനിന്നാണ് സ്ഥിരമായി വാങ്ങാറ്. പക്ഷേ, ആശാന് ഒരു കുഴപ്പമുണ്ട്. മൂക്കത്താണ് ശുണ്ഠി.

പഴം വാങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരെണ്ണം അല്പം കൈകൊണ്ട് കിള്ളിയെടുത്ത് വായില്‍വെക്കും. എന്നിട്ട് ഇതിന് ഒട്ടും രുചിയില്ലെന്ന് പറഞ്ഞ് കടയുടെ അരികില്‍ ഇരിക്കുന്ന ഭിക്ഷക്കാരന്റെ പാത്രത്തിലേക്ക് ഇടും. വൃദ്ധ പക്ഷേ എതിർത്ത് ഒന്നും പറയാറില്ല. കുറച്ചു നാളായി ഒരാള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അയാള്‍ വൃദ്ധയോട് ചോദിച്ചു:

  ” നിങ്ങളേയും പഴങ്ങളേയും എന്നും നിന്ദിച്ചിട്ടാണ് ആശാന്‍ പഴങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നത്.  എന്തുകൊണ്ടാണ് നിങ്ങള്‍ ഒന്നും മിണ്ടാത്തത്?”
അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

” ആശാന്റെ ദേഷ്യമൊക്കെ ചുമ്മാതാണ്.  എന്നും ആ ഭിക്ഷക്കാരന് ഒരു പഴം കൊടുക്കാനുളള വിദ്യയാണത്.   എനിക്ക് അത് മനസ്സിലാകുന്നില്ലെന്നാണ് ആശാന്റെ വിചാരം. ഞാന്‍ അതിനു പകരമായി ഒരു പഴം കൂടുതല്‍ അദ്ദേഹത്തിന്റെ സഞ്ചിയില്‍ എന്നും വെക്കാറുണ്ട്.”

അവര്‍ മനോഹരമായി ചിരിച്ചു.

നന്മയുടെ ശൈലികള്‍ പലര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്.  നാം ഏറ്റവും കൂടുതല്‍ സന്തോഷവാന്മാരാകുന്നത് മറ്റുളളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ് എന്നൊരു ചൊല്ലുണ്ട്.  നമുക്കും നമ്മുടെ നന്മയുടെ ശൈലികള്‍ രൂപപ്പെടുത്തിയെടുക്കാം

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: