KeralaNEWS

രാഹുൽ ഗാന്ധിക്ക് 9.5 കോടി,  തരൂരും രാജീവ് ചന്ദ്രശേഖറും ശതകോടീശ്വരന്മാർ, സുരേഷ് ഗോപിക്ക് 12.66 കോടി, അനിൽ ആന്‍റണിക്ക് ഒരു കോടി, ഡോ. തോമസ് ഐസക്കിന് ആസ്തി 20000 പുസ്തകങ്ങൾ: പ്രധാന സ്ഥാനാര്‍ത്ഥികളുടെ ആസ്തി വിവരങ്ങൾ അറിയാം

      ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്.
കട ബാധ്യതകളില്ല. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.

   എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്  ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്.
ആസ്തിയില്‍ മുന്നിലുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സിനിമാ നടനുമായ സുരേഷ് ഗോപിയാണ്. 12.66 കോടിയാണ് സുരേഷ് ഗോപിയുടെ ആകെ ആസ്തി.

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് സ്വന്തമായി വാഹനമില്ല. കയ്യിലുള്ളത് 55,000 രൂപ. ഡെല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡെല്‍ഹി ഗുരുഗ്രാമില്‍ 5,838 ചതുരശ്ര അടിയുള്ള ഒരു വാടകക്കെട്ടിടവുമുണ്ട്. മ്യൂചല്‍ ഫണ്ട്, വിവിധ കംപനികളിലെ ഓഹരി നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പടെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്.

സഹോദരി പ്രിയങ്കാ ഗാന്ധിക്കും പങ്കാളിത്തമുള്ള കൃഷിഭൂമികളും വാടകക്കെട്ടിടങ്ങളും അടക്കം 11,15,02,598 രൂപയുടെ ആസ്തി വേറെയുമുണ്ട്. രാഹുലിനും പ്രിയങ്കയ്ക്കുമായി നാലേക്കറോളം കൃഷിഭൂമിയാണുള്ളത്. ഇരുവരുടെയും പേരില്‍ 2.1 കോടി വിലമതിക്കുന്ന ഫാം ഹൗസുമുണ്ട്.

രാഹുലിന്റെ എതിര്‍സ്ഥാനാര്‍ഥി  ആനി രാജയുടെ കൈവശം 10,000 രൂപമാത്രമാണുള്ളത്. ആകെ ആസ്തി 72 ലക്ഷം രൂപ.

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് 10.38 കോടിയാണ് ആകെ ആസ്തി. കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന് 6.99 കോടിയാണ് ആസ്തി. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജന്‍ 1.44 കോടി, എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് 1.3 കോടി, മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് 1.05 കോടി എന്നിങ്ങനെയാണ് സ്വത്തു വിവരം.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്  7.5 കോടിയുടെ സ്വത്തുണ്ട്. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് 5.26 കോടിയാണ് ആസ്തി. പൊന്നാനിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിക്ക് 2.07 കോടിയും, വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്ക് 1.56 കോടിയും ആസ്തിയുണ്ട്.

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണിക്ക് ഒരു കോടി രൂപയുടെ ആസ്തി.  ഇൻഷുറൻസ് പോളിസികൾ, ഡൽഹി രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാർ, സ്ഥിര നിക്ഷേപങ്ങൾ, വിവിധ കമ്പനികളുടെ ഓഹരികൾ, ഉൾപ്പടെ ആകെ 10014577 കോടിയാണ് ആസ്തി. സ്വന്തമായി വീടോ വസ്തു വകകളോ ഇല്ല.  എകെ ആന്‍റണിയുടെ വസതി ആയ അഞ്ജനം, ഈശ്വര വിലാസം റോഡ്, ജഗതി, തിരുവനന്തപുരം എന്നതാണ് വിലാസം. വോട്ട് തിരുവനന്തപുരത്താണ്.

പത്തനംതിട്ടയിൽ നാലാം തവണ ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിക്ക് 26 ലക്ഷം രൂപയുടെ ആസ്തി ഉള്ളപ്പോൾ ബാധ്യത 55 ലക്ഷമാണ്.

സംസ്ഥാന മുൻ ധനമന്ത്രി കൂടിയായ ഇടത് മുന്നണി സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന് സമ്പാദ്യം 20000 പുസ്തകങ്ങൾ ആണ്. സ്വന്തമായി വസ്തുവോ വീടോ ഇല്ല. വിവിധ നിക്ഷേപങ്ങളിലായി 358909 രൂപയാണ് സമ്പാദ്യം. തിരുവനന്തപുരം കവടിയാറിലാണ് താമസം. വട്ടിയൂർക്കാവിലെ വോട്ടർ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ആലത്തൂർ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ മന്ത്രി കെ രാധാകൃഷ്ണന് ആകെ ആസ്തി 3.57 ലക്ഷം രൂപ. മന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവൻസും ഉൾപ്പെടെയാണ് ഈ വരുമാനം. 10,000 രൂപയാണ് ആകെ കൈവശമുള്ളത്.
സ്വന്തമായി വാഹനമില്ല.  തോണൂർക്കരയിൽ 1,600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും രാധാകൃഷ്ണനുണ്ട്. ഇതിന് 4,06,028 രൂപ ഭവനവായ്പയുമുണ്ട്.

ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥികളായ കെ സി വേണുഗോപാലിന് 86.5 ലക്ഷവും എഎം ആരിഫിന് 47.16 ലക്ഷവുമാണ് ആകെ ആസ്തിയുള്ളത്.

Back to top button
error: