സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘കേരളാ സ്റ്റോറി’ 2023 മെയ് 5 നാണ് പുറത്തിറങ്ങിയത്. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച ഈ ചിത്രം ഇന്ന് രാത്രി 8 മണിക്ക് പ്രദര്‍ശിപ്പിക്കാൻ ഒരുങ്ങുകയാണ് ദൂരദര്‍ശന്‍. പിന്നാലെ വിമര്‍ശനവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണം. പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
അതിദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ, നിതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികകളിൽ മുൻപന്തിയിൽ ഉള്ള കേരളത്തെ, സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.
വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ മതവർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു ചിത്രം ഇറങ്ങിയകാലത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്. ട്രെയിലറിൽ 32,000 സ്ത്രീകൾ മതം മാറി തീവ്രവാദ പ്രവർത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്.
അധിക്ഷേപകരമായ പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്നതാണ് സെൻസർ ബോർഡ് തന്നെ നിർദേശിച്ച ചിത്രമാണിത്.
കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്‌റ്റോറി’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പക്കുന്നത്.
‘ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.’
വി ഡി സതീശൻ പറഞ്ഞു.