കോട്ടയം : പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈസ്റ്റര്‍ ദിനത്തിലും ജനങ്ങള്‍ക്കിടയില്‍ സജീവമായി കോട്ടയം ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ ( ഞായര്‍ ) രാവിലെ അഞ്ച് മണിക്ക് ഇടവക ദേവാലമായ എസ് എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഉയര്‍പ്പ് തിരുന്നാള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. ഇടവകാംഗങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന സ്ഥാനാര്‍ത്ഥി എല്ലാവരുമായി സൗഹൃദം പങ്കിട്ടു. പിന്നീട് അതിരമ്പുഴ കാരിസ്ഭവനിലെത്തി അന്തേവാസികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. ഏറെ നേരം അവര്‍ക്കൊപ്പം ചിലവിട്ട ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.
തുടര്‍ന്ന് അതിരമ്പുഴയിലെ സ്‌നേഹാലയം, സമീപ പ്രദേശത്തെ കോണ്‍വെന്റുകള്‍, അഗതി മന്ദിരങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചു. എല്ലായിടത്തും എത്തി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന തോമസ് ചാഴികാടനെ മധുരം നല്‍കിയാണ് പലരും വരവേറ്റത്. പിന്നീട് കോട്ടയത്ത് ചില സ്വകാര്യ ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. യാത്രാമധ്യേ വഴിയില്‍ കണ്ട ആളുകളോട് കുശലാന്വേഷണം നടത്തിയും സൗഹൃദം പങ്കുവച്ചുമായിരുന്നു സന്ദര്‍ശനം. വൈകിട്ട് എല്‍ ഡി എഫ് പ്രവര്‍ത്തകരോടൊപ്പം ചര്‍ച്ചകളും വിശകലനങ്ങളും കൂടിയായതോടെ ഈസ്റ്റര്‍ ദിനത്തിലും സ്ഥാനാര്‍ത്ഥിക്ക് വിശ്രമമില്ല.