വിവരം അറിയിക്കാൻ നാട്ടുകാരില്‍ പലരെയും ഫോണില്‍ ബന്ധപ്പെടാൻ അയല്‍വാസികളായ കുന്നുംപുറത്ത് ഷാജിയും ലിസിയും ശ്രമിച്ചെങ്കിലും പലരും കോള്‍ എടുത്തില്ല. മറ്റ് ചിലരാകട്ടെ ഏപ്രില്‍ ഫൂളാക്കേണ്ട എന്നു പറഞ്ഞ് അപ്പോള്‍ തന്നെ കട്ട് ചെയ്യുകയായിരുന്നു. പലരില്‍നിന്നും ഈ അനുഭവമുണ്ടായെന്ന് ലിസി പറഞ്ഞു. ആ സമയവും ബിജു മരിച്ചിട്ടില്ലായിരുന്നുവെന്നും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ രക്ഷിക്കാമായിരുന്നു എന്നും ലിസി പറഞ്ഞു.
ആരെയും കുറ്റം പറയാനാകില്ലെങ്കിലും വിവരമറിയിച്ചപ്പോള്‍ വിശ്വസിക്കാതെ വന്നതോടെ വേദനയും സങ്കടവും കൂടി. പിന്നീട് വാട്സാപ്പില്‍ ബിജു മരിച്ചുകിടക്കുന്ന ചിത്രങ്ങളയച്ചശേഷം ഫോണില്‍ വിളിച്ചപ്പോഴാണ് പലരും കാര്യ ഗൗരവം മനസ്സിലാക്കി ഓടിയെത്തിയത്. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വൈദീകരും വിവിധ സംഘടനാ നേതാക്കളും എത്തിക്കൊണ്ടിരുന്നു. ജില്ലാ കളക്ടറെത്തിയശേഷം ആറരയോടെയാണ് മൃതദേഹം ഇവിടെനിന്ന് മാറ്റിയത്.
മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എം.പി., പ്രമോദ് നാരായണ്‍ എം.എല്‍.എ., ജില്ലാ പോലീസ് മേധാവി വി.അജിത്ത് എന്നിവരടക്കം നിരവധിപേർ ബിജുവിന്റെ വീട്ടിലെത്തി. ആന തുമ്ബിക്കൈയിലെടുത്ത് നിലത്തടിച്ച തരത്തിലുള്ള ക്ഷതങ്ങളാണ് ബിജുവിന്റെ ശരീരത്തിലുള്ളതെന്ന് വനപാലകർ പറഞ്ഞു.