KeralaNEWS

ഉത്തരേന്ത്യക്കാരുടെ മർദ്ദനത്തിരയായ കേരള ഹൈക്കോടതി ജീവനക്കാരൻ മരിച്ചു

കൊച്ചി: വളർത്തുനായയ്ക്കു നേരെ ചെരുപ്പെറിഞ്ഞതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഉത്തരേന്ത്യൻ യുവാക്കളുടെ മർദ്ദനത്തിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കേരള ഹൈക്കോടതി ജീവനക്കാരൻ മരിച്ചു.

 എറണാകുളം മുല്ലശേരി കനാല്‍ റോഡില്‍ തോട്ടുങ്കില്‍പറമ്ബില്‍ വീട്ടില്‍ പി.ബി.വിനോദ് (53) ആണ് മരിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്രിസ് സതീഷ് നൈനാന്റെ ഡ്രൈവറായിരുന്നു.

കഴുത്തിലെ ഞരമ്ബുകള്‍ക്ക് സാരമായി ക്ഷതമേറ്റ് കഴിഞ്ഞ 25 മുതല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11നായിരുന്നു മരണം. ഭാര്യ: സിന്ധു. മക്കള്‍: ദേവേശ്വർ (കോതമംഗലം എം.എ കോളേജ് ബി.കോം വിദ്യാർത്ഥി), ദിയ (അമൃത നഴ്സിംഗ് സ്കൂള്‍ വിദ്യാർത്ഥിനി).

Signature-ad

മർദ്ദനക്കേസില്‍ റിമാൻഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ എറണാകുളം സെൻട്രല്‍ പൊലീസ് കൊലക്കുറ്റം ചുമത്തി. തപാല്‍വകുപ്പില്‍ പോസ്റ്റല്‍ അസിസ്റ്റന്റുമാരായ ഉത്തർപ്രദേശ് സ്വദേശികളായ അശ്വനി ഗോള്‍ക്കർ (27), കുശാല്‍ ഗുപ്ത (27), രാജസ്ഥാൻകാരൻ ഉത്കർഷ് (25), ഹരിയാന സ്വദേശി ഗോഹാന ദീപക് (26) എന്നിവരാണ് പ്രതികള്‍.

കഴിഞ്ഞമാസം 25ന് രാത്രി 10മണിയോടെയാണ് സംഭവം. വിനോദിന്റെ വീടിനു സമീപത്തെ അപ്പാർട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് പ്രതികള്‍. വീട്ടിലെത്തിയ സുഹൃത്തുക്കളെ യാത്രയാക്കാൻ നാലുപേരും പുറത്തേക്കിറങ്ങവെ വിനോദിന്റെ ലാബ്രഡോർ നായ നിറുത്താതെ കുരച്ചത് യുവാക്കളെ ചൊടിപ്പിച്ചു. ഒരാള്‍ ചെരുപ്പൂരി എറിഞ്ഞു. ഇതിനെ വിനോദ് ചോദ്യംചെയ്‌തോടെ വാക്കുതർക്കവും തമ്മില്‍ത്തല്ലുമായി. ഒന്നാംപ്രതി അശ്വനി ഗോള്‍കർ വിനോദിന്റെ കഴുത്തില്‍ പിടിത്തമിട്ടു. മറ്റുള്ളവർ മർദ്ദിച്ചു.

പ്രദേശവാസികള്‍ ഓടിക്കൂടിയെങ്കിലും അശ്വിനി ഗോള്‍കർ കഴുത്തില്‍നിന്ന് പിടിവിട്ടില്ല. നാട്ടുകാർ ചേർന്ന് മോചിപ്പിച്ചപ്പോഴേക്കും വിനോദ് അവശനായിരുന്നു. പ്രതികളെ പ്രദേശവാസികള്‍ തടഞ്ഞുവയ്ക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

Back to top button
error: