IndiaNEWS

അദ്വാനിക്കു രാഷ്‌ട്രപതി ഭാരതരത്ന സമ്മാനിക്കുമ്പോൾ കസേരയില്‍തന്നെയിരുന്നു; നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനം

ന്യൂഡൽഹി: ബിജെപി നേതാവ് എല്‍.കെ. അദ്വാനിക്കു രാഷ്‌ട്രപതി ദ്രൗപദി മുർമു ഭാരതരത്ന സമ്മാനിക്കുമ്പോൾ എഴുന്നേല്‍ക്കാതെ കസേരയില്‍തന്നെയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയില്‍ വ‍്യാപക വിമർശനം.

പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് മുൻ ഉപപ്രധാനമന്ത്രി കൂടിയായ എല്‍.കെ. അദ്വാനി ഭാരതരത്ന സ്വീകരിച്ചത്.രാഷ്‌ട്രപതി അദ്വാനിയുടെ അടുത്തേക്കു ചെന്ന് മെഡല്‍ അണിയിച്ച്‌ പുരസ്കാരം സമ്മാനിക്കുകയായിരുന്നു. രാഷ്‌ട്രപതി എഴുന്നേറ്റുനിന്ന് പുരസ്കാരം നൽകുമ്പോൾ  കസേരയില്‍തന്നെ ഇരുന്ന് കൈയടിക്കുകയായിരുന്നു മോദി.

സമൂഹ മാധ്യമങ്ങളില്‍ നിരവധി പേർ വീഡിയോ പങ്കുവച്ച്‌ വിമർശനം രേഖപ്പെടുത്തി.രാഷ്‌ട്രപതി രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുമ്പോൾ എഴുന്നേറ്റുനിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നാണ് കൂടുതൽ പേരുടെയും പ്രതികരണം.

 ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവില്ലാത്ത പെരുമാറ്റമാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. പ്രധാനമന്ത്രി എഴുന്നേറ്റു നില്‍ക്കണമായിരുന്നുവെന്നും രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും കുറ്റപ്പെടുത്തി.അദ്വാനിക്ക് രാഷ്ട്രപതി പുരസ്‌കാരം സമര്‍പ്പിക്കുന്ന ചിത്രം പങ്കുവച്ച്‌ എക്‌സിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: