അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സുമാണ് മല്‍സരത്തില്‍ മുഖാമുഖം വരുന്നത്.പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണിത്. കഴിഞ്ഞ രണ്ടു കളിയിലും പരാജയമേറ്റു വാങ്ങിയതിനാല്‍ മുംബൈയ്ക്കു സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയിച്ചേ തീരൂ.
ക്യാപ്റ്റന്‍ ഹാര്‍ദിക്കിനും ഇതു ജീവന്‍മരണ പോരാട്ടമാണ്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കാണികളുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഹാര്‍ദിക്കിനു നേരിടേണ്ടി വന്നത്. ഇത്തവണ ഹോംഗ്രൗണ്ടില്‍ കാണികളുടെ പ്രതിഷേധം അതിരു കടന്നേക്കുമോയെന്ന ആശങ്ക ഹാര്‍ദിക്കിനും മുംബൈ ടീമിനുമുണ്ട്. വിമര്‍ശകരുടെ വായടപ്പിക്കണമെങ്കില്‍ ഹാര്‍ദിക്കിനു മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.
എന്നാല്‍ രാജസ്ഥാൻ റോയല്‍സാവട്ടെ മികച്ച രീതിയിലാണ് സീസണ്‍ ആരംഭിച്ചിട്ടുള്ളത്. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനാണ് റോയല്‍സ് മറികടന്നത്.രണ്ടാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനും അവര്‍ പരാജയപ്പെടുത്തിയിരുന്നു.