KeralaNEWS

ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യദിനം സമര്‍പ്പിച്ചത് 14 പത്രികകള്‍, മുകേഷിന് 14.98  കോടിയുടെ സ്വത്ത്

    ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ 14 പത്രികകള്‍ നല്‍കി. എട്ടു ലോക്‌സഭ മണ്ഡലങ്ങളിലായിട്ടാണ് 14 പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷും, കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അശ്വിനിയും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

  ഇന്ന് അവധിയായതിനാല്‍ പത്രികാ സമര്‍പ്പണം ഇല്ല. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 31, എപ്രില്‍ 1 തീയതികളിലും പത്രിക സമര്‍പ്പിക്കാനാവില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആണ്.

  പത്രിക സമർപ്പിച്ചതിനൊപ്പമുള്ള സത്യവാങ്മൂലത്തിൽ കൊല്ലത്തെ ഇടത് സ്ഥാനാർഥി എം മുകേഷ് 14.98 കോടിയുടെ സ്വത്തുക്കളാണ് തന്‍റെ പേരിലുള്ളതെന്ന്  വ്യക്തമാക്കി. കൈവശം 50,000 രൂപയുമുണ്ട്.

സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. നിലവിൽ താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്‍റ് ഭൂമിയുടെയും ചെന്നൈയിലെ രണ്ട് ഫ്ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയത് 4,49,50,000 രൂപയാണ്.

ചെന്നൈ ടി നഗറിലെ ഫ്ലാറ്റ് മുകേഷിന്‍റെയും ആദ്യ ഭാര്യ സരിതയുടെയും പേരിലാണ്. മുകേഷിന്‍റെയും ഭാര്യ മേതിൽ ദേവികയുടെയും പേരിൽ 13 സെന്‍റ് വസ്തു തിരുവനന്തപുരം കടകംപള്ളി വില്ലേജിലുണ്ട്. എറണാകുളം കണയന്നൂരിലെ 37 സെന്‍റ് വസ്തു ശ്രീനിവാസനൊപ്പം ചേർന്ന് വാങ്ങിയതാണ്. തമിഴ്നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കൽ, ശക്തികുളങ്ങര, പോത്തൻകോട് എന്നിവിടങ്ങളിലും ഭൂമിയുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണ്.

2,40,000 രൂപ മൂല്യം വരുന്ന സ്വർണവും മുകേഷിന്‍റെ കൈയിലുണ്ട്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്‌യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്. തന്‍റെ പേരിൽ ഒരു കേസുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പൊതുവഴി തടസ്സപ്പെടുത്തി എന്നതാണ് കേസ്. പുനലൂർ പോലീസ് സ്റ്റേഷനിൽ 2014ൽ റജിസ്റ്റർ ചെയ്ത കേസ് പുനലൂർ മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ.

Back to top button
error: