CrimeNEWS

ഭാര്യയെ കുത്തിക്കൊന്നത് റിട്ട. ആര്‍മി ഡോക്ടര്‍; പിന്നാലെ ആത്മഹത്യാശ്രമം

കൊല്‍ക്കത്ത: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി റിട്ട. ആര്‍മി ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ജാഥുനാഥ് മിത്ര(84)യാണ് ഭാര്യ മന്ദിര മിത്ര(73)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥനെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഇതോടെ ഇവര്‍ ബഹളംവെയ്ക്കുകയും സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി വീടിനകത്ത് പ്രവേശിച്ചതോടെയാണ് മന്ദിര മിത്രയെ കുളിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം നിരവധിതവണ കുത്തേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹം.

Signature-ad

വീട്ടിലെ കസേരയില്‍ അവശനായനിലയിലാണ് ജാഥുനാഥ് മിത്രയെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിലും കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഇത് സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ചതോടെയാണ് ആസിഡ് ഉള്ളില്‍ച്ചെന്നതായും വ്യക്തമായത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

നേത്രരോഗവിദഗ്ധനായ ജാഥുനാഥ് മിത്ര സൈന്യത്തില്‍നിന്ന് വിരമിച്ച ഡോക്ടറാണ്. ഇദ്ദേഹം എഴുതിയതെന്ന് കരുതുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു കത്ത് ബംഗാളിയിലും രണ്ടാമത്തെ കത്ത് ഇംഗ്ലീഷിലുമാണ് എഴുതിയിരുന്നത്. ആദ്യത്തെ കത്തില്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നുമാണ് എഴുതിയിരുന്നത്. നാലുപേജുകളിലായുള്ള രണ്ടാമത്തെ കത്തില്‍ ജീവിതത്തില്‍ സംഭവിച്ച ഒട്ടേറെകാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചതായും ഇതില്‍ എഴുതിയിരുന്നു.

അതേസമയം, ചൊവ്വാഴ്ച വൈകിട്ട് മുതല്‍ വീട്ടില്‍നിന്ന് ദമ്പതിമാര്‍ വഴക്കിടുന്നത് കേട്ടിരുന്നതായി അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. ചോരപുരണ്ട നിലയില്‍ വീട്ടിലെ തീന്‍മേശയില്‍നിന്നാണ് ഒരു കത്തി കണ്ടെടുത്തത്. മറ്റൊരു കത്തി മേശയുടെ താഴെ വീണുകിടക്കുന്നനിലയിലായിരുന്നു. ഗൃഹനാഥന്റെ ആത്മഹത്യാക്കുറിപ്പും ഈ മേശയിലുണ്ടായിരുന്നു.

 

Back to top button
error: