CrimeNEWS

കാഞ്ഞിരപ്പള്ളിയില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാതസന്ദേശം; വ്യാപക പരിശോധന

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍നിന്ന് ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയെന്നാണ് ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിച്ചത്. അതേസമയം, പോലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. മാത്രമല്ല, വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയോ മറ്റോ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ പരിശോധന തുടരുകയാണ്.

ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിച്ചത്. ‘കെ.എല്‍. 05’-ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വെളുത്ത കാറിലെത്തിയവര്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം സ്‌കൂളിലും സമീപപ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇത്തരമൊരു സംഭവം നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല.

സ്‌കൂളില്‍ ഇന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ക്ലാസുള്ളത്. അതിനാല്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെത്തേണ്ട സാഹചര്യമില്ല. മാത്രമല്ല, കുട്ടിയെ കാണാനില്ലെന്ന് ആരും പരാതിയും നല്‍കിയിട്ടില്ല. അതേസമയം, കുട്ടിയെ കാണാനില്ലെന്ന സന്ദേശത്തെത്തുടര്‍ന്ന് പോലീസ് സമീപമേഖലകളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. മേഖലയിലെ വിവിധ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ, ചൈല്‍ഡ് ലൈനില്‍ സന്ദേശം അറിയിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. സൈബര്‍സെല്ലിന്റെ സഹായത്തോടെ വിളിച്ചയാളെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇയാളെ കണ്ടെത്തിയാല്‍ സംഭവത്തില്‍ വ്യക്തതവരുമെന്നാണ് പോലീസിന്റെ പ്രതികരണം.

Back to top button
error: