IndiaNEWS

ഖലിസ്ഥാന്‍ ഭീകരന്റെ മോചനത്തിന് കേജ്രിവാളുമായി ധാരണ; എഎപിക്ക് 133.54 കോടി കൊടുത്തെന്ന് പന്നു

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് 2014 മുതല്‍ 2022 വരെ 133.54 കോടി രൂപ നല്‍കിയെന്ന് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പദ്വന്ത് സിങ് പന്നു അവകാശപ്പെട്ടു. ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകരന്‍ ദേവേന്ദര്‍പാല്‍ സിങ് ഭുള്ളറെ മോചിപ്പിക്കാന്‍ 2014ലാണ് എഎപിയുടെ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളുമായി ധാരണയായതെന്നും ഇതിനുള്ള പ്രത്യുപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചു. ഇത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരുന്ന എഎപി, ഖലിസ്ഥാന്‍ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു പറയുന്നു.

2014ല്‍ ന്യൂയോര്‍ക്കില്‍ ഖലിസ്ഥാന്‍ അനുകൂലികളുമായി നടന്ന കൂടിക്കാഴ്ചയിലാണു ഭുള്ളറെ മോചിപ്പിക്കാമെന്ന വാഗ്ദാനം കേജ്രിവാള്‍ നടത്തിയതെന്നാണു വിശദീകരണം. ലുധിയാനയില്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകനായിരുന്ന ഭുള്ളര്‍, ചണ്ഡീഗഡ് എസ്്എസ്പി: എസ്.എസ്.സൈനിയെയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനീന്ദര്‍ സിങ് ബിട്ടയെയും വധിക്കാന്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളില്‍ പങ്കുവഹിച്ചെന്നായിരുന്നു കണ്ടെത്തല്‍. നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ഭുള്ളറുടെ ശിക്ഷ 2014 ല്‍ സുപ്രീം കോടതി ജീവപര്യന്തമാക്കിയിരുന്നു.

Signature-ad

ജയില്‍ മോചിതനാക്കണമെന്ന ഭുള്ളറുടെ അപേക്ഷ ഈ വര്‍ഷം ജനുവരിയില്‍ തുടര്‍ച്ചയായി ഏഴാമത്തെ തവണയും തള്ളി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ ഖലിസ്ഥാന്‍ അനുകൂലികളില്‍ നിന്ന് 50 കോടിയിലേറെ രൂപ സംഭാവന സ്വീകരിച്ചുവെന്ന് ഈ വര്‍ഷമാദ്യം പന്നു ആരോപിച്ചിരുന്നു. പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അമരീന്ദര്‍ സിങ്ങും എഎപിക്കു ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു.

Back to top button
error: