KeralaNEWS

ഇഡിയല്ല, നരേന്ദ്രമോദി തന്നെ വന്നാലും താൻതന്നെ പത്തനംതിട്ടയിൽ ജയിക്കും: തോമസ് ഐസക്ക്

പത്തനംതിട്ട: ഇഡിയല്ല സാക്ഷാൽ നരേന്ദ്രമോദി തന്നെ വന്നാലും  പത്തനംതിട്ടയിൽ താൻതന്നെ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്.

ഇതൊക്കെ അങ്ങ് വടക്ക് നടത്തിയാൽ മതിയെന്ന് പറഞ്ഞ തോമസ് ഐസക്ക് തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാൻ ഇതുവരെ ഇഡിയ്ക്ക് കഴിഞ്ഞില്ലെന്നും പിന്നല്ലേ അറസ്റ്റെന്നും ഐസക്ക്  പറഞ്ഞു.

അരവിന്ദ് കെജ്റിവാളിന്റെ ഗതിയായിരിക്കുമത്രേ എനിക്കും. നല്ല കഥയായി.എന്നെ ഇഡി ഇപ്പോള്‍ അറസ്റ്റു ചെയ്യുമെന്നാണ് ബിജെപിക്കാർ വീടുവീടാന്തരം കയറിയിറങ്ങി പറഞ്ഞു നടക്കുന്നത്.

എന്നെ ഇപ്പം അറസ്റ്റു ചെയ്യും, കിഫ്ബിയെ ഇടിക്കൂട്ടില്‍ കയറ്റും എന്നൊക്കെ എത്രകാലമായി കേള്‍ക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല. സമൻസുകള്‍ പലത് അയച്ചു. അറസ്റ്റു ചെയ്യുന്നത് പോകട്ടെ, എന്നെ ചോദ്യം ചെയ്യുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ  ചോദ്യം. ഇഡിയ്ക്ക് മറുപടിയില്ലായിരുന്നു.

ഇഡിയ്ക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് എനിക്കു തീരുമാനിക്കാം എന്നാണ് കോടതി വിധി. ഞാനൊന്നും തീരുമാനിച്ചിട്ടില്ല. വരട്ടെ. നമുക്കു നോക്കാം. ഞാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നൊന്നുമില്ല. ആരില്‍ നിന്നും ഓടിയൊളിക്കാനും ശ്രമിക്കുന്നില്ല. ഇവിടെത്തന്നെയുണ്ട്. നട്ടെല്ലു നിവർത്തി, ശിരസുയർത്തിത്തന്നെയാണ് നില്‍ക്കുന്നത്.

ഇതുവരെയും ഒരു ക്രമക്കേടും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ നിരന്തരം സമ്മർദ്ദത്തിലാക്കുക, ഒരേ രേഖകള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരില്‍ സംശയ നിഴല്‍ നിരന്തരം നിലനിർത്തുക തുടങ്ങിയവയാണ് പരാക്രമങ്ങള്‍.

 എനിക്കെതിരെയുള്ള സമൻസ് തുടർ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. എന്റെയും കിഫ്ബിയുടെയും വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടു. മാസങ്ങള്‍ വേണ്ടി വന്നു അവർക്ക് അതു കൊടുക്കാൻ. എത്രയോ തവണ കേസ് മാറ്റിവെച്ചു. ഒടുക്കം കോടതി കടുപ്പിച്ചപ്പോള്‍ മറുപടി കൊടുത്തു. മസാലബോണ്ട് പണം നിഷിദ്ധമായ മേഖലകളില്‍ മുടക്കുന്നുണ്ടത്രെ.

ഈ ഘട്ടത്തില്‍ കോടതി ആർബിഐ യെ സ്വമേധയാ കക്ഷി ചേർത്തു. വിശദമായ സത്യവാങ്മൂലം കൊടുക്കാൻ അവരോടും ആവശ്യപ്പെട്ടു.നിയമവിരുദ്ധമായ ഒരുകാര്യവും ചൂണ്ടിക്കാണിക്കാൻ ആർബിഐയ്ക്കും കഴിഞ്ഞില്ല.ആ സത്യവാങ്മൂലം ഇഡിയുടെ വാദമുഖങ്ങള്‍ക്കേറ്റ കനത്തപ്രഹരമായി. ചട്ടപ്രകാരം തന്നെയാണ് കിഫ്ബി മസാല ബോണ്ടിന് അപേക്ഷിച്ചത്. ആർബിഐ ചട്ട പ്രകാരം എൻഓസിയും നല്‍കിയിരുന്നു. അനുസരിച്ചാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. അതിനു ലോണ്‍ രജിസ്ട്രേഷൻ നമ്ബർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

നിശ്ചിത ഫോമില്‍ മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ കൃത്യമായി നല്‍കുന്നുണ്ട് എന്നും ആർബിഐ വ്യക്തമാക്കി. അതോടെ, കോടതി ഒരു സുപ്രധാന കാര്യം ഈഡിയോടു ചോദിച്ചു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ്പ എടുത്തിട്ടുണ്ടോ? അവരെക്കുറിച്ച്‌ നിങ്ങള്‍ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ? പലവട്ടം കോടതി ചോദിച്ചിട്ടും ഇഡിയ്ക്ക് മിണ്ടാട്ടമില്ല. അത് പറയുക തന്നെ വേണം എന്നു കോടതി വ്യക്തമാക്കുകയും ചെയ്തു.

 കേസില്‍ ഇഡിയുടെ പയറ്റ് ഇതുവരെ ഫലിച്ചിട്ടില്ല.ഞാൻ ഇഡിയ്ക്കു മുന്നില്‍ തല ചൊറിഞ്ഞു നില്‍ക്കാനും പോകുന്നില്ല.അതിനാൽത്തന്നെ ഈ കേസില്‍ എന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സമർപ്പിച്ച ഒരുവാദങ്ങളെയും ഖണ്ഡിക്കാൻ ഇഡിയ്ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാൻ അവർക്കായിട്ടില്ല. പിന്നയല്ലേ അറസ്റ്റ് – തോമസ് ഐസക്ക് പറഞ്ഞു

Back to top button
error: