ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമ ദിനപത്രത്തിന് തിരിച്ചടി. നഷ്ടപരിഹാരമായി1010000 രൂപ നൽകാൻ കോടതി ഉത്തരവിട്ടു. കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്.
സ്വപ്നാ സുരേഷിന്റെ സ്വര്‍ണക്കടത്ത് ആരോപണമുയര്‍ന്ന ഘട്ടത്തില്‍ ജില്ലാ സഹകരണ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട് മനോരമ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര മാനനഷ്ട കേസ് നൽകിയത്.
മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍, റിപ്പോർട്ടര്‍ തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. കോവിഡ് ലോക് ഡൗണ്‍ കാലത്ത് ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്ന് സ്വര്‍ണാഭരണങ്ങള്‍ എടുത്തു കൊണ്ടുപോയി എന്നായിരുന്നു 2020 സപ്തംബര്‍ 14 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ആരോപണം.
ഈ ഘട്ടത്തിലായിരുന്നു സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് ആരോപണമുന്നയിച്ചത്. ഈ ആരോപണവുമായി ഇ പി ജയരാജന്റെ ഭാര്യയേയും ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്ത. ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ വാര്‍ത്തയ്ക്കെതിരെ മുന്‍ജില്ലാ ബാങ്ക് മാനേജര്‍ കൂടിയായ പി.കെ ഇന്ദിര രംഗത്തുവരികയായിരുന്നു.
മുന്‍ എംപിയും സി പി എം കേന്ദ്രകമിറ്റിയംഗവുമായ പി കെ ശ്രീമതിയുടെ സഹോദരി കൂടിയായ പി കെ ഇന്ദിരക്ക് വേണ്ടി അഡ്വ. ശൈലജനാണ് ഹാജരായത്.