ചെന്നൈ: ബി.ജെ.പിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. നടിയും പ്രശസ്ത നടന്‍ ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിരുതുനഗറില്‍ നിന്നുമാണ് രാധിക ജനവിധി തേടുന്നത്.
ശരത് കുമാറിന്റെ പാര്‍ട്ടിയായ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി ഈയിടെ ബി.ജെ.പിയില്‍ ലയിച്ചിരുന്നു. ഡി.എം.കെയിലൂടെ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം നടത്തിയ ശരത് കുമാര്‍ 2007ലാണ് സ്വന്തം പാര്‍ട്ടി ആരംഭിച്ചത്. 1998ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുനെല്‍വേലിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം അന്തരിച്ച ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ മകനാണ് രാധികയുടെ എതിരാളി. വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്‍ വിരുദുനഗര്‍ മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ -ഡി.എം.ഡി.കെ സഖ്യ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.വിജയകാന്തിന്റെ വിയോഗത്തിന് ശേഷം കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും വിരുതുനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാല്‍ വിജയം ഉറപ്പെന്ന് കണക്കുകൂട്ടലിലാണ് വിജയ പ്രഭാകരനെ മത്സരത്തിനിറക്കാന്‍ ഡിഎംഡികെ തീരുമാനിച്ചത്. വിരുദുനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സിറ്റിങ് എംപി മാണികം ഠാക്കൂറിനെ ഇത്തവണയും രംഗത്തിറക്കിയേക്കുമെന്നാണ് സൂചന.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിരുതുനഗറില്‍ നിന്നും മാണികം 4,70,883 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
തമിഴ്നാട്ടിലെ 14 സീറ്റുകളിലേക്കും പുതുച്ചേരിയിലെ ഏക സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശ്ശിവായം പുതുച്ചേരിയില്‍ നിന്നും ജനവിധി തേടും. 2017ല്‍ ബി.ജെ.പിയിലെത്തിയ മുന്‍ എഐഎഡിഎംകെ അംഗം പി.കാര്‍ത്ത്യായനി ചിദംബരത്ത് നിന്നും മത്സരിക്കും. സംവരണ മണ്ഡലമാണ് ചിദംബരം.