CrimeNEWS

പെണ്‍കുട്ടിയെ ആക്രമിച്ചത് തടഞ്ഞ പൊലീസുകാരിക്ക് ക്രൂരമര്‍ദനം; ആശുപത്രിയില്‍ നഴ്‌സിന്റെ മുഖത്ത് ചവിട്ടിയും എസ്.ഐയുടെ കരണത്തടിച്ചും കുടിയന്റെ പരാക്രമം

എറണാകുളം: തൃപ്പൂണിത്തുറയില്‍ ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ക്കു മദ്യപന്റെ ക്രൂര മര്‍ദനം. കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നഴ്‌സിന്റെ മുഖത്തു ചവിട്ടി. സമീപത്തുണ്ടായിരുന്ന എസ്‌ഐയെയും അടിച്ചു. സംഭവത്തില്‍ കുരീക്കാട് പാത്രയില്‍ പി.എസ്. മാധവനെ (64) ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഹില്‍പാലസ് സ്റ്റേഷനിലെ സിപിഒ കടുത്തുരുത്തി ഞാറക്കാലയില്‍ എന്‍.കെ. റെജിമോള്‍ (42), താലൂക്ക് ആശുപത്രി നഴ്‌സിങ് ഓഫിസര്‍ എരൂര്‍ യശോറാം നഗര്‍ അര്‍ജുന്‍ നിവാസില്‍ ജി. ദിവ്യ (35) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് 5.30നു കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിനു സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സിലായിരുന്നു ആദ്യ സംഭവം.

Signature-ad

മദ്യപിച്ച് വെളിവില്ലാതെ അസഭ്യം പറഞ്ഞു നടന്ന മാധവന്‍ ബസ് സ്റ്റോപ്പിന് സമീപം നിന്ന പെണ്‍കുട്ടികളോട് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു റെജിമോള്‍ പറഞ്ഞു. ഷോപ്പിങ് കോംപ്ലക്‌സിലേക്കു ഓടിക്കയറിയ ഒരു പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയും ചെയ്തു. ഈ കുട്ടിയുടെ കരച്ചില്‍ കേട്ടാണു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന റെജിമോള്‍ ഓടിച്ചെന്നത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തള്ളിയിട്ട ശേഷം മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ റെജിമോളുടെ ഫോണ്‍ നഷ്ടപ്പെട്ടു. വസ്ത്രവും കീറി. അര മണിക്കൂറിലേറെ താന്‍ അക്രമിയോടു പൊരുതുന്നതു കണ്ടിട്ടും കാഴ്ചക്കാര്‍ ഇടപെട്ടില്ലെന്നും ആരും അക്രമിയെ പിടിച്ചു മാറ്റാന്‍ പോലും തയാറായില്ലെന്നും റെജിമോള്‍ പറഞ്ഞു. ഒടുവില്‍ 2 യുവാക്കള്‍ എത്തിയാണ് പ്രതിയെ പിടിച്ചു മാറ്റിയത്. ഇതിനുശേഷം മാധവനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്‌നിടെ ഇയാള്‍ നഴ്‌സ് ജി. ദിവ്യയുടെ മുഖത്ത് ചവിട്ടി.

സമീപം നിന്ന എസ്‌ഐ രാജന്‍ പിള്ളയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്നു ആശുപത്രി ജീവനക്കാരും പൊലീസും ചേര്‍ന്നു പ്രതിയെ കെട്ടിയിടുകയായിരുന്നു. മര്‍ദനമേറ്റ സ്ത്രീയുടെ മൊഴി പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഹില്‍പാലസ് പൊലീസ് പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും നടപടി ഇല്ല.

Back to top button
error: