FeatureLIFE

ആണത്തപ്രകടനത്തിനുള്ള ഒന്നല്ല സെക്സ്; അതില്‍ സ്ത്രീയുടെ സംതൃപ്തിക്കും തുല്യപ്രാധാന്യമുണ്ട്

തുറന്ന് സംസാരിക്കാൻ പലരും വിമുഖത കാണിക്കുന്ന വിഷയമാണ് ലൈംഗികത.അത് സ്ത്രീകളിൽ അധികമാണെന്നും നിരീക്ഷണങ്ങളുണ്ട്.
വളരെ അടുപ്പമുള്ള സ്ത്രീ സൗഹൃദങ്ങളിൽപോലും ലൈംഗികത വിരളമായേ ചർച്ചചെയ്യപ്പെടാറുള്ളൂ. പങ്കാളിയോടുപോലും ചിലർ താത്പര്യങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ തയ്യാറാകുന്നില്ല. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളെ സഹിച്ച് ജീവിക്കാമെന്ന നില
പാടിലേക്ക് ചില സ്ത്രീകളെങ്കിലും എത്തിച്ചേരുന്നു.
ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞാൽ അത് പരിഹരിക്കാൻ സാധിക്കും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും. അതിന് പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉൾക്കൊള്ളാൻ പങ്കാളിക്ക് പക്വതയും ഉണ്ടാകണം. പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ ആനന്ദം ശരിയായി അനുഭവിക്കാനാകൂ.
പതുക്കെ തുടങ്ങി മൂർധന്യത്തിലേക്ക് കടന്ന് പിന്നിട് വിശ്രമാവസ്ഥയിലേക്ക് നീളുന്ന ആനന്ദത്തിന്റെ പടവുകളാണത്.തുടർച്ചയായി ലൈംഗിക അസംതൃപ്തി ഉണ്ടാകുകയാണെങ്കിൽ ചികിത്സ തേടുന്നതാണ് ഉചിതം. പ്രയാസങ്ങളെ പങ്കാളികൾക്കുതന്നെ പരസ്പരം പങ്കുവെച്ച് പരിഹരിക്കാൻ സാധിക്കുന്നതാണെങ്കിൽ മറ്റ് ചികിത്സകളിലേക്ക് പോകേണ്ട കാര്യമില്ല.
ലൈംഗികതയുടെ വൈകാരികതലത്തിൽ പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പവും വിശ്വാസവും വളരെയേറെ പ്രാധാന്യമർഹിക്കുന്നു.സ്ത്രീകളിൽ കാണുന്ന ലൈംഗിക അസംതൃപ്തിയുടെ മാനസിക തലങ്ങൾ പരിശോധിച്ചാൽ ഒട്ടേറെ കാര്യങ്ങൾ അതിൽ അന്തർലീനമായി കാണാം. ജോലിസംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന പിരിമുറുക്കങ്ങൾ, ആശങ്കകൾ, ലൈംഗികതയെക്കുറിച്ചുതന്നെയുള്ള ആശങ്കകൾ, കുടുംബ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ, വിഷാദം, കുറ്റബോധം, ഭൂതകാലത്തുണ്ടായിട്ടുള്ള ലൈംഗികാഘാതങ്ങൾ, അപ്രതീക്ഷിത ഗർഭധാരണമുണ്ടാകുമോ എന്ന ആശങ്ക തുടങ്ങിയവ  അതിൽ ഉൾപ്പെടുന്നു.സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആകുലതകളും സ്ത്രീകളിൽ ലൈംഗികതയെ ബാധിച്ചേക്കാം.
ആർത്തവവിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ സ്ത്രീകളിൽ ലൈംഗിക വിരക്തി ഉണ്ടാക്കാം. എന്നാൽ ശാരീരികവും മാനസികവുമായ ഈ സ്വാഭാവിക മാറ്റത്തെ ഉൾക്കൊണ്ടുതന്നെ രതി ആസ്വദിക്കാൻ കഴിയും. ആർത്തവ വിരാമം ലൈംഗികതയുടെ വിരാമമായി കാണേണ്ടതില്ല. ഗർഭധാരണം നടക്കുമോ എന്ന ഭയം വേണ്ട എന്നുള്ളതുകൊണ്ട് ശാന്തമായി രതി ആസ്വദിക്കാം.
ലൈംഗിക അനുഭൂതിയുടെ പാരമ്യതയാണ് രതിമൂർച്ഛ. പക്ഷേ, പല സ്ത്രീകളും രതിമൂർച്ഛ അനുഭവിക്കാനാവുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. അറിവില്ലായ്മ, കുറ്റബോധം, ഉത്കണ്ഠ എന്നിവയൊക്കെ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കാത്തതിന് കാരണമാകാറുണ്ട്. വേദനാജനകമായ രതിയോടുള്ള ഭയം സ്ത്രീകളുടെ ലൈംഗിക താത്പര്യത്തെ കുറച്ചേക്കാം.
ശാരീരിക പ്രശ്നങ്ങൾക്ക് പുറമെ വിഷാദം, പിരിമുറുക്കം തുടങ്ങിയ മാനസിക പ്രശ്നങ്ങളും സ്ത്രീകളിലെ ലൈംഗിക താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ഥലം, അവിടുത്തെ സുരക്ഷിതത്വം, കുട്ടികൾ അടുത്തുണ്ടെങ്കിൽ അവർ അറിയുമോ എന്നൊക്കെയുള്ള ആശങ്കകൾ ഘടകങ്ങളാണ്. സ്ഥിരമായി സ്വീകരിക്കുന്ന ലൈംഗിക ചേഷ്ടകളോടുള്ള മടുപ്പും ഉത്തേജനത്തെ ഇല്ലാതാക്കിക്കളയും.
  • ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ് ആശങ്കകളെ മറികടക്കുന്നതിന് അത്യാവശ്യം. അത് ലൈംഗിക പ്രതികരണങ്ങളോടുള്ള തെറ്റിദ്ധാരണയും ആകാംഷയും കുറയ്ക്കാൻ സഹായിക്കും.
  • പങ്കാളികൾ ഇഷ്ടങ്ങളെപ്പറ്റിയും അനിഷ്ടങ്ങളെപ്പറ്റിയും തുറന്നുസംസാരിക്കണം. ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ലെങ്കിൽ സാവധാനം അതിന് ശ്രമിക്കുന്നത് പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം കൂട്ടുന്നതിന് സഹായിക്കും. അതുവഴി സെക്സ് കൂടുതൽ ആസ്വാദ്യകരമാവുകയും ചെയ്യും.
  • പുരുഷൻമാരിൽ മദ്യപാനശീലവും പുകവലിയും ഒഴിവാക്കുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനും നിലനിർത്തുന്നതിനും സഹായകമാകും.ആരോഗ്യകരമായ ഒരു ബന്ധത്തിൽ ലൈംഗികത പ്രധാനമാണ്. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ആഴ്ചയിൽ രണ്ടു തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് മാസത്തിൽ ഒരു തവണ ലൈംഗികതയിൽ ഏർപ്പെടുന്നവരെക്കാൾ ഹൃദ്രോഗം വരാനുള്ള സാധ്യത  45 ശതമാനം കുറവാണെന്ന് ന്യൂ ഇംഗ്ലണ്ട് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ പറയുന്നു. 1987 ൽ തുടങ്ങി 17 വർഷം നീണ്ട ഈ പഠനം 40 മുതൽ 70 വയസ്സുവരെ പ്രായമുള്ള ആയിരം സ്ത്രീ -പുരുഷന്മാരിലാണ് നടത്തിയത്.
ദിവസവും അരമണിക്കൂർ ലൈംഗികതയ്ക്കായി ചെലവിടുന്നത് ഒരു പരിധി വരെ വ്യായാമം തന്നെയാണ്. അരമണിക്കൂർ ലൈംഗികബന്ധം 85 കാലറി കത്തിച്ചു കളയുമെന്നാണ് പഠനങ്ങൾ പറയുന്നത്. മണിക്കൂറിൽ 4.5 കിലോ മീറ്റർ നടക്കുന്നതിനും 8 കി. മീറ്റർ ജോഗിങ് ചെയ്യുന്നതിനും തുല്യമാണത്രേ ലൈംഗികബന്ധം!

Back to top button
error: