ഭഗത് സിങ് രക്തസാക്ഷിത്വ ദിനമായ മാർച്ച് 23-ന് രാജ്യമെമ്ബാടും ഗ്രാമീണ മഹാപഞ്ചായത്തുകള്‍ ചേരാൻ തീരുമാനിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന മുദ്രാവാക്യമുയർത്തിയാണ് എസ്.കെ.എം ഗ്രാമീണ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് ബോണ്ട് തട്ടിപ്പ് നടത്തിയ ബി.ജെ.പിക്ക് ജനങ്ങള്‍ ശിക്ഷ നല്‍കണം. കുത്തക-വർഗീയ കൂട്ടുകെട്ടായ ബി.ജെ.പി. ഭരണത്തിനെതിരേ ഗ്രാമീണ മഹാപഞ്ചായത്തുകളില്‍ പ്രതിഷേധമുയരുമെന്നും എസ്.കെ.എം. നേതാക്കള്‍ പറഞ്ഞു.
ലഖിംപുർ ഖേരിയില്‍ സമരം ചെയ്ത കർഷകരെ വാഹനിമിടിപ്പിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തിയ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിക്ക് വീണ്ടും സീറ്റ് നല്‍കിയ ബി.ജെ.പി.ക്കെതിരേ പ്രതിഷേധിക്കാനും കിസാൻ മോർച്ച നേതാക്കള്‍ ആഹ്വാനം ചെയ്തു.
അതേസമയം, പഞ്ചാബില്‍നിന്നാരംഭിച്ച ‘ഡല്‍ഹി ചലോ’ മാർച്ച് തിങ്കളാഴ്ച 35 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായിരുന്ന രണ്ടുകർഷകർകൂടി മരണപ്പെട്ടതായും അതോടെ മാർച്ചില്‍ പങ്കെടുക്കവെ മരിച്ച കർഷകരുടെ എണ്ണം പത്തായി ഉയർന്നെന്നും നേതാക്കള്‍ അറിയിച്ചു. കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരണ്‍ സിങ്ങിന്റെ കലശവുമായി പഞ്ചാബിലെ ഗ്രാമങ്ങളില്‍ കർഷകനേതാക്കള്‍ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്കും എൻ.ഡി.എ. സഖ്യത്തിനുമെതിരായ മുദ്രാവാക്യങ്ങളോടെയാണ് യാത്ര.