കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ 20 ന് നടക്കുന്ന പകല്‍ പൂരത്തോടനുബന്ധിച്ച് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഇതിനായി നിലവില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കും.
ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും, പ്രത്യേകം നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു. പകല്‍പൂര ദിവസം പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും , അമ്പലത്തിന്റെ സമീപപ്രദേശങ്ങളില്‍ അനധികൃത വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതുമാണ്. മോഷണം, പിടിച്ചുപറി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി മഫ്റ്റി പോലീസിനെയും, കൂടാതെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി കൂടുതല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 20ന് വൈകിട്ട് 4 മണി മുതലാണ് തിരുനക്കര പകല്‍പൂരം ആരംഭിക്കുന്നത്.