വയനാട്: പനമരം പരക്കുനിയില്‍നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ പോലീസ് തൃശ്ശൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുമായി പരിചയമുള്ള തങ്കമ്മ, വിനോദ് (29) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പനമരം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
മൊബൈല്‍ ടവർ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശ്ശൂരില്‍ ഉണ്ടെന്ന് മനസിലായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടിവളവില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭർത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു.