കണ്ണൂര്‍: കേന്ദ്രമന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതിശന്റെ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ വി.ഡി.സതീശന് സൗജന്യമായി നല്‍കുമെന്നും ഇ.പി.ജയരാജന് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ജയരാജന് വ്യക്തമാക്കി.
”രാജീവ് ചന്ദ്രശേഖറുമായി ഇ.പി.ജയരാജന് ബിസിനസ് ബന്ധമെന്ന ആരോപണവുമായി വി.ഡി.സതീശന് രംഗത്തുവന്നിരുന്നു. ഞാന്‍ വി.ഡി.സതീശനെപ്പോലെ ഒരു ബിസിനസ് മാനല്ല. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ അടുത്തു കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലുമാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആ രാജീവ് ചന്ദ്രശേഖറുമായി എന്തിനാണ് എന്നെ ബന്ധിപ്പിക്കുന്നത്? എനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ വി.ഡി.സതീശന് സൗജന്യമായി കൊടുക്കും. മുദ്രപേപ്പറുമായി വന്നാല്‍ അപ്പോള്‍ തന്നെ ഒപ്പിട്ടുകൊടുക്കാം. ഭാര്യയ്ക്ക് ഒരു കമ്പനിയില്‍ ഓഹരിയുണ്ട്. അതല്ലാതെ ബിസിനസ് ഉണ്ടെങ്കില്‍ സതീശന്റെ ഭാര്യയ്ക്ക് എഴുതിക്കൊടുക്കാം.
എന്തിനാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കുന്നയാള് അടിസ്ഥാന രഹിതമായ ഇത്തരം കാര്യങ്ങള്‍ പറയുന്നത്? വി.ഡി.സതീശന് മത്സ്യപ്പെട്ടിയില്‍ 150 കോടി രൂപ കടത്തിയെന്ന പി.വി.അന്‍വറിന്റെ ആരോപണത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ലല്ലോ. ഒരു സ്വകാര്യ ചാനല്‍ കുറേക്കാലമായി എന്നെ വേട്ടയാടുന്നുണ്ട്. വിദേശത്ത് കോടികളുടെ ബിസിനസ് ഉണ്ടെന്ന് അവരാണ് പ്രചരിപ്പിച്ചത്. അവര്‍ പറഞ്ഞു കൊടുത്തിട്ടാകും വി.ഡി.സതീശന് എനിക്കെതിരെ രംഗത്തുവന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ആ ചാനലിന്റെ നിലവാരം പൊതുജനം മനസ്സിലാക്കണം.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. സംഘപരിവാര്‍ ശക്തികള്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള നീക്കം നടത്തുകയാണ്. കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ മത്സരത്തിനിറക്കുന്നത് ഇമേജ് കൂട്ടാന്‍ വേണ്ടിയാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പലരും ബിജെപിയിലേക്ക് ചേരുകയാണ്. മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. അവര്‍ക്ക് മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാകില്ല.
ബിജെപിയും കോണ്‍ഗ്രസും വന്‍ തോതില്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങി. ഇത്തരത്തില്‍ ഫണ്ട് വാങ്ങിയതിനെ ബിജെപി സ്ഥാനാര്‍ഥി ന്യായീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്. സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് പണക്കൊഴുപ്പില്‍ ആവില്ലായിരുന്നോ? ബിജെപി നേതാക്കന്മാര് കോടതിയേപ്പോലും വിമര്‍ശിച്ചു. സിപിഎമ്മും സിപിഐയും ഇലക്ടറല്‍ ബോണ്ടിനെതിരെ ആദ്യം മുതല്ക്കേ ശക്തമായ നിലപാടു സ്വീകരിച്ചു. ജനക്ഷേമ നിലപാടു സ്വീകരിക്കുന്ന പാര്‍ട്ടിയെ ജനം തിരിച്ചറിയും” ഇ.പി.ജയരാജന് പറഞ്ഞു.
പത്മജ വേണുഗോപാലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്ന ആരോപണവും ഇ.പി.ജയരാജന് തള്ളി. പത്മജ പറയുന്നതില്‍ അടിസ്ഥാനമില്ല, ക്ഷണിച്ചിരുന്നെങ്കില്‍ ഇങ്ങോട്ടു വരില്ലേ? അവര്‍ ബിജെപിയിലേക്കല്ലേ പോയതെന്നും ജയരാജന് ചോദിച്ചു.