IndiaNEWS

കര്‍ണാ‌ടക ബിജെപിയില്‍ തമ്മിലടി

മൈസൂർ: തന്‍റെ മകന് സീറ്റ് നിഷേധിച്ചതിനു ബി.എസ്. യെദിയൂരപ്പയ്ക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ കർണാടക ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ.

ഹവേരി സീറ്റ് തന്‍റെ മകൻ കെ.ഇ. കാന്തേഷിനു നല്കാമെന്നും പ്രചാരണത്തിനെത്താമെന്നും ഉറപ്പു നല്കി യെദിയൂരപ്പ വഞ്ചിച്ചെന്ന് ഈശ്വരപ്പ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഹവേരിയിലെ ബിജെപി സ്ഥാനാർഥി.

ഷിമോഗ സീറ്റില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ അനുയായികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. യെദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ഷിമോഗയിലെ ബിജെപി സ്ഥാനാർഥി.

Signature-ad

ഹവേരി, ധർവാഡ് സീറ്റുകളിലൊന്നില്‍ മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും കടുത്ത അതൃപ്തിയിലാണ്.ബെല്‍ഗാം സീറ്റിനായി ഷെട്ടാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിവരികയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷെട്ടാറിനു സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അനുയായികള്‍ പറയുന്നു. ജനുവരിയിലാണ് ഷെട്ടാർ കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ മടങ്ങിയെത്തിയത്. 2023 നിയമസഭാ തെരഞ്ഞെടുപ്പു വേളയിലായിരുന്നു ഷെട്ടാർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്.

മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്കും ഇത്തവണ സീറ്റ് നല്കിയില്ല. ഗൗഡയുടെ സിറ്റിംഗ് മണ്ഡലമായിരുന്ന ബാംഗളൂർ നോർത്ത് ശോഭ കരന്തലാജെയ്ക്കാണു നല്കിയത്.

സീറ്റ് നിഷേധിച്ചതില്‍ കൊപ്പലിലെ സിറ്റിംഗ് എംപി കരാഡി സംഗണ്ണ രോഷാകുലനാണ്.കൊപ്പലിലെ ബിജെപി ഓഫീസ് സംഗണ്ണയുടെ അനുയായികള്‍ ആക്രമിച്ചു. ജനല്‍ച്ചില്ലുകളും ഫർണിച്ചറുകളും തകർത്തു.

Back to top button
error: