”പറഞ്ഞത് പച്ചക്കള്ളം, മകളുടെ പേരില്‍ കള്ളസത്യം ചെയ്യുന്നു”!!! ബിനു അടിമാലിയെ വിടാതെ ജിനേഷ്
ബിനു അടിമാലിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി താരത്തിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. സുഖമില്ലാത്ത മകളുടെ പേര് പറഞ്ഞ് കള്ളസത്യമിടുകയാണ് അദ്ദേഹം. പണം വാങ്ങിയെന്ന ആരോപണവും കള്ളമാണെന്നും ജിനേഷ് പറഞ്ഞു. യുട്യൂബറായ സായ് കൃഷ്ണയുടെ ചാനലിലൂടെയാണ് ജിനേഷ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
”ബിനു അടിമാലി പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. എന്റടുത്ത് എല്ലാ തെളിവും ഉണ്ട്. രണ്ട് മാസം ഷോയില്‍ നിന്നും ബിനുവിനെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഒന്നും ചെയ്തില്ലെങ്കില്‍ എന്തിനാണ് മാറ്റി നിര്‍ത്തിയത്. ആള്‍ എന്റെ ക്യാമറ പൊട്ടിച്ചിട്ടുണ്ട്. തന്നെ മര്‍ദ്ദിച്ചന്ന് രാത്രി ഒത്തുതീര്‍പ്പിന് വിളിച്ചിരുന്നു. എനിക്ക് പുതിയ ക്യാമറ വേണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആള്‍ അതിന് തയ്യാറിയില്ല. ഒത്തുതീര്‍പ്പിനായി എന്നെ വിളിച്ച കോള്‍ റെക്കോഡ് ഉണ്ട്. ഞാന്‍ നുണ പറഞ്ഞിട്ടില്ല” -ജിനേഷ് പറയുന്നു.
”ആ കൊച്ചിന്റെ പേര് പറഞ്ഞ് വലിയ കരച്ചിലായിരുന്നു. സുഖമില്ലാത്ത കൊച്ചിന്റെ കാര്യമാണ് ചാനലിലും പോയി പറഞ്ഞത്. ഒന്നും ചെയ്യാതെ എങ്ങനെയാണ് പുള്ളിക്കെതിരെ കേസ് എടുത്തത്. കാമറ പൊട്ടിയത് കാരണം രണ്ട് മാസത്തോളം കഴിഞ്ഞ് ഇപ്പോഴാണ് എനിക്ക് ക്യാമറ നന്നാക്കി കിട്ടിയത്. ഞാന്‍ പുള്ളിയുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. പുള്ളിയുടെ വീഡിയോകള്‍ക്കായി പുറത്ത് നിന്ന് കാമറാമാന്‍മാരെ ഏല്‍പ്പിച്ചിരുന്നു. ഹെലികാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡിറ്റിംഗ് ഉണ്ട്. ഇതിനൊക്കെയുള്ള പൈസയാണ് തന്നത്. കടം ചോദിച്ചാല്‍ പൈസ പോലും തരാത്ത വ്യക്തിയാണ്.
കടം കാരണം വീട് വില്‍ക്കാന്‍ വെച്ചുവെന്നാണ് ബിനു അടിമാലി പറഞ്ഞത്. അതല്ല യഥാര്‍ത്ഥ കാരണം, ആ വീട്ടില്‍ നിന്നാല്‍ കഷ്ടകാലം മാത്രമേയുള്ളൂ, രാശിയില്ല എന്ന് പറഞ്ഞാണ് വീട് വിറ്റത്. വീടിന്റെ മൂലകള്‍ പൊളിച്ച് പണിഞ്ഞിരുന്നു. എന്നിട്ടും കഷ്ടകാലം മാറിയിട്ടില്ലെന്ന് പറഞ്ഞാണ് വീട് മാറിയത്. യുട്യൂബിന് നല്‍കിയിരിക്കുന്നത് ആളുടെ അക്കൗണ്ടാണ്. അതിലേക്കാണ് പൈസ വരുന്നത്. പൈസ കിട്ടിയിട്ട് പോലും എനിക്ക് ഒന്നും തന്നിരുന്നില്ല.സുഹൃത്തിന്റെ ബേക്കറി ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചിട്ട് ഞാന്‍ പൈസ കൊടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പച്ചക്കള്ളമാണ് , ഞാനാണ് പൈസ വാങ്ങി കൊടുത്തത്. ഫുള്‍ ടാങ്ക് ഡീസലും വാഹനത്തിന് അടിച്ച് കൊടുത്തിട്ടുണ്ട്. എന്നെ ഉപദ്രവിച്ചതിന് കണക്കില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്” -ജിനേഷ് കൂട്ടിച്ചേര്‍ത്തു.