ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഇത്തവണയും എംപിമാരില്ലെങ്കിൽ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വ നിര ഔട്ടാകുമെന്ന മുന്നറിയിപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം.
ജയിക്കാൻ സാധ്യതയുള്ള സീറ്റുകളിൽ പോലും തമ്മിൽ തമ്മിൽ കാലുവാരലാണ് നടക്കുന്നതെന്നും ഇത് വച്ചുപൊറുപ്പിക്കയില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ രാജീവ് ചന്ദ്രശേഖറും മേജർ രവിയും നടൻ ദേവനും ഉൾപ്പെടെയുള്ള അടുത്തനിരയെ കേരളത്തിന്റെ ചുമതല ഏൽപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
തൃശൂരിൽ സുരേഷ് ഗോപിക്കൊപ്പം നിന്ന കൃസ്ത്യാനികളെ വെറുപ്പിക്കുന്ന രീതിയിലായിരുന്നു ഹിന്ദു ഐക്യവേദി നേതാവായ ആർ വി ബാബുവിന്റെയും ബിജെപി നേതാവായ അഡ്വ.കൃഷ്ണരാജിന്റെയൂം പ്രവർത്തികൾ.ഇവരെല്ലാം തന്നെ കെ.സുരേന്ദ്രന്റെ അടുത്ത അനുയായികളാണ്.
ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബുവിന്റെ പ്രസ്താവനയും അർത്തുങ്കൽ പള്ളിയെപ്പറ്റിയുള്ള അഡ്വ.കൃഷ്ണരാജിന്റെ അനവസരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയസാധ്യതയെ ബാധിച്ചു.തൃശൂരിൽ മാത്രം രണ്ടു ലക്ഷത്തിലധികം വോട്ടുകളുള്ള കത്തോലിക്ക വിശ്വാസികൾ ഇതോടെ ബിജെപിക്കെതിരെ തിരിഞ്ഞ അവസ്ഥയാണുള്ളത്.സുരേഷ് ഗോപിക്കൂം ഇവിടെ പിഴച്ചു.ഒപ്പമുണ്ടായിരുന്ന ക്രൈസ്തവ വിശ്വാസികളെ വീണ്ടെടുക്കാൻ മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചത് ചെമ്പായിരുന്നെന്ന് തെളിഞ്ഞതോടെ ഉണ്ടായിരുന്ന മേൽക്കോയ്മയും സുരേഷ് ഗോപിക്ക് തൃശൂരിൽ പോയിക്കിട്ടി.
പത്തനംതിട്ടയിൽ പി സി ജോർജിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയും ആദ്യം രംഗത്ത് വന്നത് കേരളത്തിലെ ബിജെപി നേതാക്കളായിരുന്നു.ഇത് പത്തനംതിട്ടയിലെ വിജയസാധ്യതയെയും ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനിയൊരവസരം കേരളത്തിലെ ഈ നേതാക്കൾക്കുണ്ടാകില്ലെന്നാണ് കേന്ദ്ര നേതൃത്വം നൽകുന്ന സൂചന.