KeralaNEWS

കാസർകോട് കള്ളപ്പണം ഒഴുകുന്നു: രേഖകളില്ലാതെ കടത്തിയ അരക്കോടി രൂപ വീണ്ടും പിടികൂടി

കുഴൽപ്പണവും രേഖകളില്ലാത്ത കള്ളപ്പണവും അനർഗളം ഒഴുകുകയാണ് കാസർകോട്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇത്തരത്തിലുള്ള 5 കേസുകളാണ് ജില്ലയിൽ പൊലീസിൻ്റെ വലയിൽ കുടുങ്ങിയത്. ഇന്നലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിയ അരക്കോടി രൂപ പിടികൂടി. യുവാവിനെ കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊയ്‌ദീൻ ഷായെയാണ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കാഞ്ഞങ്ങാട് ഡി വൈ എസ് പി വിവി ലതീഷിൻ്റെ നിർദേശപ്രകാരമായിരുന്നു വാഹന പരിശോധന.

കാസർകോട് ഭാഗത്തു നിന്നും പടന്ന ഭാഗത്തേക്ക്‌ പോകുന്നതിനിടെ കുശാൽ നഗറിൽ വെച്ചാണ് യുവാവ് പൊലീസിന്റെ പിടിയിലായത്. വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും കഞ്ചാവ്, മയക്കുമരുന്ന് കടത്ത് അടക്കം തടയാനുള്ള നടപടി തുടരുമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു.

പൊലീസ് സംഘത്തിൽ എസ്ഐ സുഭാഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ അബൂബകർ കല്ലായി, ശിവകുമാർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, നിഖിൽ മലപ്പിൽ എന്നിവരും ഉണ്ടായിരുന്നു.

Back to top button
error: