KeralaNEWS

ഗാനമേളയുടെ സുവര്‍ണ കാലത്തിന്റെ ഓര്‍മകള്‍ ബാക്കി; ആറ്റ്‌ലി ഡിക്കൂഞ്ഞ വിട പറഞ്ഞു

തൃശ്ശൂര്‍: അര നൂറ്റാണ്ടിലേറെ ഗാനമേളരംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരില്‍നിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോണ്‍സണ്‍, ഔസേപ്പച്ചന്‍ തുടങ്ങിയവരെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടതില്‍ പ്രധാനിയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അമല ആശുപത്രിയിലായിരുന്നു അന്ത്യം. നാലു വര്‍ഷമായി അഞ്ചേരി എലിക്സര്‍ ഫ്‌ളാറ്റിലാണ് താമസം

വോയ്സ് ഓഫ് ട്രിച്ചൂര്‍, മ്യൂസിക്കല്‍ വേവ്സ്, ട്രിച്ചൂര്‍ വേവ്സ്, ആറ്റ്ലി ഓര്‍ക്കെസ്ട്ര എന്നീ സംഗീതട്രൂപ്പുകളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിറന്നത്. 1968-ല്‍ ആണ് ആദ്യ ട്രൂപ്പായ വോയ്സ് ഓഫ് ട്രിച്ചൂര്‍ സ്ഥാപിക്കുന്നത്. 10 വര്‍ഷത്തോളം സംഗീതസംവിധായകന്‍ ദേവരാജന്റെകൂടെ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ നിര്‍ബന്ധം മൂലമാണ് ആറ്റ്ലി മ്യൂസിക് നോട്സ് എഴുതാന്‍ പഠിച്ചത്. സംഗീതസംവിധായകന്‍ രവീന്ദ്രനോടൊപ്പവും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ഗായകരായ കെ.എസ്. ചിത്ര, വേണുഗോപാല്‍ എന്നിവരോട് അടുത്ത ബന്ധമുണ്ടായിരുന്നു.

Signature-ad

എറണാകുളം മുനമ്പത്ത് ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിലാണ് ജനനം. മുളംചേരിപ്പറമ്പില്‍ ഫ്രാന്‍സിസ് ഡിക്കൂഞ്ഞ, എമിലി റോച്ച ദമ്പതിമാരുടെ അഞ്ചുമക്കളില്‍ മൂത്തയാളായിരുന്നു ആറ്റ്ലി.

അമ്മാവന്‍ നാടോടികളുടെ കൈയില്‍നിന്ന് വാങ്ങിനല്‍കിയ കളിവീണയില്‍ പാട്ടുകള്‍ വായിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പിതാവ് വയലിന്‍ വാങ്ങിനല്‍കി. ഫോറസ്റ്റ് ഓഫീസറായ പിതാവിന് വടക്കാഞ്ചേരിയിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെയാണ് ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ആറ്റ്ലി തൃശ്ശൂരിലെത്തുന്നത്.

തുടര്‍ന്ന് സ്വയംപഠനത്തിലൂടെയാണ് ഇദ്ദേഹം വളര്‍ന്നത്. മാന്‍ഡലിന്‍, ഗിത്താര്‍ എന്നിവയില്‍ പ്രാവീണ്യം നേടി. ‘അമ്മാവനു പറ്റിയ അമളി’ എന്ന സിനിമയ്ക്കുവേണ്ടിയും സീരിയലുകള്‍ക്കുവേണ്ടിയും സംഗീതസംവിധാനം നിര്‍വഹിച്ചു. ആകാശവാണി, ദൂരദര്‍ശന്‍ ആര്‍ട്ടിസ്റ്റായിരുന്നു. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഭാര്യ: ഫെല്‍സി(റിട്ട. അധ്യാപിക, സെയ്ന്റ് ജോസഫ്‌സ് സ്‌കൂള്‍). മക്കള്‍: ആറ്റ്ഫെല്‍ റിച്ചാര്‍ഡ് ഡിക്കൂഞ്ഞ, മേരി ഷൈഫല്‍ റോഡ്റിക്‌സ്. മരുമക്കള്‍: ട്രീസാ എവലിന്‍ ഡിക്കൂഞ്ഞ, സ്റ്റീഫന്‍ മെല്‍വിന്‍ റോഡ്റിക്‌സ്. സംസ്‌കാരം ബുധനാഴ്ച നാലിന് തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സേക്രഡ്ഹാര്‍ട്ട് ലത്തീന്‍ പള്ളി സെമിത്തേരിയില്‍.

 

Back to top button
error: