ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണംപോയ സംഭവത്തില്‍ ബാങ്കിന്റെ മുൻ ഏരിയാ മനേജർ ചേർത്തല സ്വദേശി മീരാ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് പിടികൂടിയത്. കേരളാ ബാങ്കിന്റെ നാല് ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വർണം നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റ്.
ചേർത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വർണം നഷ്ടപ്പെട്ടത്, 171.300 ഗ്രാം. ചേർത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും അർത്തുങ്കല്‍ ആറു ഗ്രാമും സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കുകളിലെ പണയസ്വർണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു മീര മാത്യു.
ചേർത്തല, പട്ടണക്കാട്, അർത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.