തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിനു പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളില്‍ കേസ്. 124 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണു നടപടി.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാര്‍ക്കെതിരെ ചുമത്തിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പിന്‍വലിക്കുമെന്ന് സര്‍ക്കാരും മുഖ്യമന്ത്രി നേരിട്ടും അറിയിച്ചിരുന്നെങ്കിലും ഒരു ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പരാതി ഉയരുന്നതിനിടെയാണു പുതിയ പ്രതിഷേധങ്ങള്‍ക്കെതിരെയും കേസുമായി മുന്നോട്ടുപോകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതോടെ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധമാണു നടക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി അധികം വൈകാതെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു രംഗത്തെത്തിയിരുന്നു. പിന്നാലെ രാജ്ഭവനിലേക്കും കേന്ദ്ര സ്ഥാപനങ്ങളിലേക്കെല്ലാം വലിയ പ്രതിഷേധമാണു നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരങ്ങളും നടന്നു.
നിയമത്തിനെതിരെ തെക്കന്‍ കേരളത്തില്‍ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൈറ്റ് മാര്‍ച്ച് നടത്തിയായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്.
പൗരത്വ ഭേദഗതി നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രതിഷേധങ്ങളും കനത്തു. വെല്‍ഫെയര്‍ പാര്‍ട്ടിയും ഫ്രറ്റേണിറ്റിയും രാജഭവനിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്കായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു. കൊല്ലം ചിന്നക്കടയില്‍ പന്തം കൊളുത്തിയായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.