Fiction

നന്മയുടെ പരകോടി മിന്നാമിനുങ്ങുകൾ ഒന്നിച്ചു ജ്വലിക്കട്ടെ

വെളിച്ചം

അന്ന് അസ്തമിക്കാറായപ്പോള്‍ സൂര്യന് വലിയ സങ്കടമായി.

“ലോകം അന്ധകാരത്തിൽ താഴുന്നു. ഭൂമിക്ക് പ്രകാശം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ…?”
സൂര്യന്‍ ചോദിച്ചു.
നക്ഷത്രങ്ങള്‍ മറുപടി പറഞ്ഞു:

“ഞങ്ങള്‍ വെളിച്ചം നല്‍കാം.”

പക്ഷേ, അപ്പോഴേക്കും മേഘം വന്ന് അവയെ മറച്ചു.
നക്ഷത്രങ്ങള്‍ ചോദിച്ചു:

“ഇനി മറ്റാര്‍ക്കെങ്കിലും പ്രകാശം നല്‍കുവാന്‍ കഴിയുമോ…?”

അപ്പോള്‍ ചന്ദ്രന്‍ സന്നദ്ധത അറിയിച്ചു:

“ഞാന്‍ നല്‍കാം..”

പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ ചന്ദ്രനേയും മേഘം മറച്ചു.  നിസ്സഹായതയോടെ ചന്ദ്രന്‍ ചോദിച്ചു:

“ഇനി ആര്‍ക്കെങ്കിലും പ്രകാശം നല്‍കാന്‍ കഴിയുമോ…?”

അപ്പോള്‍ ഒരു മിന്നാമിനുങ്ങ് മറുപടി പറഞ്ഞു:

“ചെറിയ വെട്ടമാണെങ്കിലും ഞാന്‍ തെളിഞ്ഞുകൊള്ളാം.”

അത് തെളിഞ്ഞു തുടങ്ങിയപ്പോഴേക്കും  പരകോടി മിന്നാമിനുങ്ങുകള്‍ ഒപ്പം ചേര്‍ന്നു.

അതെ, നന്മ ഒരു തുടര്‍പ്രക്രിയയാണ്.  ആരെങ്കിലുമൊക്കെ ഏറ്റെടുത്തു ചെയ്യുന്ന ഓരോ സത്കര്‍മ്മവും ഒരിക്കലും അവസാനിക്കാതെ നിലനില്‍ക്കും.

നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ ആരോ ഒരാള്‍ പ്രതിഫലേച്ഛയില്ലാതെ ചെയ്തവയാണ്.  അപരിചിതരിലൂടെ ലഭിക്കുന്ന സുകൃതങ്ങള്‍ക്കും അപരിചിതര്‍ക്കു ചെയ്യുന്ന സുകൃതങ്ങള്‍ക്കും ഒരിക്കലും കടപ്പാടിന്റെ ബന്ധനമുണ്ടാകില്ല.   എല്ലാവരിലും നന്മ കണ്ടെത്താന്‍ ശ്രമിക്കാം.
കാരണം എല്ലാം തികഞ്ഞ, ആരുമുണ്ടാകില്ല.  ഒന്നിനും ഉപകരിക്കാത്തവരായും ആരുമുണ്ടാകില്ല.  എത്ര ചെറിയ പുണ്യമാണെങ്കിലും ആരെങ്കിലും ചെയ്തു തുടങ്ങിയാല്‍ സമാനമനസ്‌കരെല്ലാം ഒത്തുചേരും.  അതെ, ഒരു നന്മ ജനിക്കുമ്പോള്‍ എവിടെയോ ഒരു തിന്മ മരിക്കുന്നുണ്ട്..  നന്മപരക്കട്ടെ, തടസ്സമില്ലാതെ.

നന്മ നിറഞ്ഞ ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: