കാസർകോഡ്: മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ നാട്ടുകാർ വഴിയില്‍ തടഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എംപി ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കാസർകോഡ് യുഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ മഞ്ചേശ്വരം സന്ദർശനത്തിനെത്തിയ രാജ്മോഹൻ ഉണ്ണിത്താനെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനടുത്ത് രാഗം ജംഗ്ഷനിലാണ് നാട്ടുകാർ തടഞ്ഞത്.
പ്രദേശത്ത് ദേശീയപാതയില്‍ അടിപ്പാത വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ എംപിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് എം പി മറുപടി പറഞ്ഞതോടെയാണ് നാട്ടുകാർ പ്രതിഷേധ മുദ്രാവാക്യമുയർത്തി കാർ തടഞ്ഞത്.
പ്രതിഷേധക്കാരോട് ഉണ്ണിത്താൻ ആദ്യം കയർത്ത് സംസാരിച്ചത് കൂടുതൽ പ്രകോപനത്തിനിടയാക്കി.തുടർന്ന് പോലീസ് സ്ഥലത്തെത്തി ഉണ്ണിത്താന് സുരക്ഷ ഒരുക്കുകയായിരുന്നു.