2023 ഒക്ടോബർ 7 ന് സംഘര്‍ഷം തുടങ്ങിയ ശേഷം 500 ഓളം മലയാളികള്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ടെന്നാണ് ഇസ്രയേലിലെ മലയാളി സംഘടനകള്‍ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നത്.
മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്‍ കൊല്ലപ്പെട്ടപ്പോഴാണ് യുദ്ധസാഹചര്യങ്ങള്‍ അവഗണിച്ചും മലയാളികള്‍ ഇസ്രയേലിലേക്ക് പോകുന്നുണ്ടെന്ന വിവരം പുറത്ത് വരുന്നത്.
മാർച്ച് 4 ന് ലെബനനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ പതിച്ചാണ് നിബിന്‍ കൊല്ലപ്പെട്ടത്. ലബനൻ അതിർത്തിയോടു ചേർന്നുള്ള ഗലീലി മേഖലയില്‍ മാർഗലിയറ്റ് എന്ന സ്ഥലത്തു തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. രണ്ട് മാസം മുന്‍പാണ് നിബിന്‍ ഇസ്രയേലില്‍ എത്തിയത്. ഇടുക്കി സ്വദേശി ബുഷ് ജോർജ്, പോള്‍ മെല്‍വിൻ എന്നിവർ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇസ്രായേൽ.സംഘർഷത്തെ തുടർന്ന് കൂടുതൽ ഒഴിവുകൾ വന്നതോടെ ഇവരുടെ ഒഴുക്ക് ഒന്നുകൂടി വർധിച്ചിട്ടുണ്ട്.നിലവിൽ മൂന്ന് ലക്ഷം ഒഴിവുകള്‍ ഇസ്രയേലില്‍ ഉണ്ടെന്നാണ് വിവരം.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളാണ് ഈ തൊഴില്‍ ഒഴിവുകള്‍ കൂടുതലും ഉപയോഗിക്കുന്നത്.