Movie

വിവാദങ്ങൾക്കു വിട, ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148-മത്തെ ചിത്രം ‘തങ്കമണി’ ഇന്ന് തീയേറ്ററിൽ

    ദിലീപ് നായകനായ ‘തങ്കമണി’ ഇന്ന് തീയേറ്ററുകളിൽ എത്തും. 1986 ഒക്ടോബര്‍ 21 ന്  ഇടുക്കിയിലെ തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നു നടന്ന പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും അതിക്രമങ്ങളും പ്രമേയമാക്കി ചിത്രീകരിച്ച ‘തങ്കമണി’ 33 രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നത്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്ന ‘തങ്കമണി’യിൽ അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ തുടങ്ങിയവർക്കൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും വേഷമിട്ടിട്ടുണ്ട്.

‘ഉടല്‍’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ദിലീപ് എന്ന നടന്റെ ഗംഭീര വേഷമാകും ‘തങ്കമണി’യിലേത് എന്നാണ് വിലയിരുത്തല്‍. ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148-മത്തെ ചിത്രമായ ‘തങ്കമണി’ ബിഗ് ബജറ്റില്‍ ആണ് ഒരുങ്ങുന്നത്.

അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ‘തങ്കമണി’യിലുണ്ടെന്നും പ്രദർശനം തടയണമെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരനായ വി.ആർ വിജു ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പൊലീസിനെ ഭയന്ന് പുരുഷന്മാ‍ർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുട‍ർന്ന് പൊലീസ് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി സിനിമയിൽ കാണിക്കുന്നുണ്ട്, ഇത് വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരമൊരു സംഭവം ഉണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും സാങ്കൽപിക സൃഷ്ടിയാണെന്നും ഹർജിയിലുണ്ട്.

എന്തായാലും  ഹർജിയിൽ വാദം കേട്ട ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ‘തങ്കമണി’യുടെ പ്രദർശനം തടയണം എന്ന ആവശ്യം  തള്ളി.

എന്താണ് തങ്കമണി സംഭവം?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണിയില്‍ ‘എലൈറ്റ്’ എന്ന ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജും വെടിവയ്പ്പുമുണ്ടായി. വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു.  കേരള രാഷ്ട്രീയ അന്ന് നടുങ്ങി.  ജില്ലയിലെ കട്ടപ്പന-തങ്കമണി റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ‘എലൈറ്റ്’ ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണു കേരളത്തെ നടുക്കിയ ആ സംഭവത്തിലേക്ക് വഴിവച്ചത്.

അന്ന് കാമാക്ഷിക്കടുത്ത് പാറമടയില്‍ നിന്നും തങ്കമണിവരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. കട്ടപ്പനയില്‍നിന്നും തങ്കമണിയിലേക്ക് സര്‍വീസ് നടത്തുന്ന പല ബസുകളും, പാറമട കഴിയുമ്പോള്‍ ആളുകളെ ഇറക്കിവിടും. തങ്കമണി വരെയുള്ള പണം ഈടാക്കുകയും ചെയ്യും. കോളജ് വിദ്യാര്‍ത്ഥികള്‍ ഇതിനെ ചോദ്യം ചെയ്തു. ബസ് തങ്കമണി വരെ പോകണമെന്നും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി തര്‍ക്കമായി. കണ്ടക്ടര്‍ വിദ്യാര്‍ഥികളെ വണ്ടിയില്‍ നിന്നും മര്‍ദ്ദിച്ചു പുറത്താക്കി.
തുടർന്ന് ബസിനെതിരെ വികാരം ആളിക്കത്തി.

ബസിലെ തൊഴിലാളികള്‍ ചെയ്ത പ്രവര്‍ത്തിക്കു മാപ്പു പറയണ ജനങ്ങളുടെ ആവശ്യം നിരാകരിച്ച ബസ് ഉടമയായ ദേവസ്യ, കട്ടപ്പനയില്‍ നിന്ന് പോലീസുമായെത്തി ബസ് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷമായത്. അടുത്ത ദിവസം പോലീസ് വീണ്ടും എത്തി. പിന്നെ നടന്നത് നരനായാട്ടാണ്.

പോലീസിന്റെ ഇടപെടല്‍ നാട്ടുകാരെ രോഷാകുലരാക്കി. പോലീസ് ജനക്കൂട്ടത്തിനുനേരെ ലാത്തിവീശിയപ്പോള്‍ ജനങ്ങള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. തങ്കമണിയില്‍നിന്നും കാമാക്ഷിയിലെക്കുള്ള മോശമായ വഴിയിലൂടെ ജീപ്പില്‍ രക്ഷപെടാന്‍ ശ്രമിച്ച പോലീസിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് കല്ലെറിഞ്ഞു. ഇത് പോലീസുകാരില്‍ വൈരാഗ്യം ഉണ്ടാവാന്‍ കാരണമായി. ഇതാണ് കൊടിയ പോലീസ് മർദ്ദനത്തിലേക്ക് നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ സർക്കാരിന് തങ്കമണി സംഭവം വലിയ തലവേദനയായി മാറിയിരുന്നു.

Back to top button
error: